ഇറ്റലി: കൊവിഡ് 19 ഭീതി നേരിടാൻ കടുത്ത നടപടിയുമായി ഇറ്റലി. വൈറസ് ബാധിതർ കൂടുതലുള്ള ലൊംബാർഡി ഉൾപ്പെടെ 11 പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇവിടെയുള്ള പത്ത് ലക്ഷത്തോളം പേരെ മറ്റുള്ളവരിൽ നിന്ന് ഇടപഴകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയായിരുന്നു. 

ഇന്നലെ മാത്രം അന്പതിലേറെ പേർ മരിക്കുകയും നാലായിരത്തിലേറെ പേർക്ക് വൈറസ് ബാധ ഏൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇന്ന് മുതൽ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങൾ. ഇറാനിലും വൈറസ്ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. 

ഇതിനിടെ ചൈനയിൽ നിരീക്ഷണത്തിലുള്ളവരെ പാർപ്പിച്ച ഹോട്ടൽതകർന്നുവീണു. ഫുജിയാൻ പ്രവിശ്യയിലെ ഷിൻജിയ ഹോട്ടലാണ് തകർന്നുവീണത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ ഒരു പാർലമെന്റംഗത്തിന് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.