Asianet News MalayalamAsianet News Malayalam

പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്

Danish Siddiqui Pulitzer winning Indian photographer killed in clashed at afghan Kandahar
Author
Afghanistan, First Published Jul 16, 2021, 12:59 PM IST

കാബൂൾ: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. 

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. 

അഫ്ഗാനിൽ നിന്ന് ഡാനിഷ് എടുത്ത അവസാന ഫോട്ടോകളിൽ ചിലത്, അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.

റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.

പുലിറ്റ്സർ നേടിയ ശേഷം ഡാനിഷുമായി സംസാരിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios