Asianet News MalayalamAsianet News Malayalam

3 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം, ഫിലിപ്പീൻസിൽ പ്രതിഷേധത്തീ; ഉയരുന്ന മനുഷ്യാവകാശ ചോദ്യങ്ങൾ

ഈ ആനുകൂല്യങ്ങളൊന്നും നാസിനോയ്ക്ക് നല്‍കാന്‍ ഭരണകൂടം തയ്യാറായില്ല. കുഞ്ഞിനെ അമ്മയ്ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളും വിലപ്പോയില്ല. മകളെ അമ്മയ്ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നതാവും ഉചിതമെന്നും ഈ പ്രായത്തില്‍ മുലപ്പാല്‍ കുഞ്ഞിന് അത്യാവശ്യമാണെന്നുമുള്ള ആശുപത്രിയുടെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല.

death of a three-month-old baby separated from her jailed mother shocked Philippines
Author
Manila, First Published Oct 14, 2020, 2:57 PM IST

മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് ജയിലില്‍ വച്ച് പിറന്ന കുഞ്ഞ് മരിച്ചു, ഫിലിപ്പീന്‍സില്‍ പ്രതിഷേധം. 2019 നവംബറിലാണ് മനിലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ റെയ്ന മേ നാസിനോ അറസ്റ്റിലായത്. കടാമൈ എന്ന പ്രദേശത്ത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നാസിനോ. അറസ്റ്റിലാവുന്ന സമയത്ത് നാസിനോ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് നടത്തിയ പരിശോധനയിലായിരുന്നു ഇത് വ്യക്തമായത്. ആയുധങ്ങളും വെടിക്കോപ്പുകളും കയ്യില്‍ വെച്ചെന്ന് ആരോപിച്ചായിരുന്നു നാസിനോയേയും രണ്ട് സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തത്. ഇടതുപക്ഷ പ്രവര്‍ത്തകരായ നാസിനോയെ പൊലീസ് കുരുക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

Reina Mae Nasino in handcuffs

കൊവിഡ് വ്യാപനത്തിന് പിന്നാലെ നിയമനടപടികളില്‍ വന്ന കാലതാമസം മൂലം ജയിലില്‍ വച്ചാണ് നാസിനോ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജയിലിലെ സാഹചര്യത്തില്‍ കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ള പുറത്തുവിടേണ്ട രാഷ്ട്രീയത്തടവുകാരുടെ പട്ടികയില്‍ നാസിനോയുടെ പേരുണ്ടായെങ്കില്‍ കൂടിയും അവരെ വിടാന്‍ അധികൃതര്‍ തയ്യാറായില്ല. മാനുഷിക പരിഗണന പോലും കാണിക്കാന്‍ കോടതിയും അധികൃതരും തയ്യാറായില്ലെന്ന് നാസിനോയുടെ അഭിഭാഷകയായ ജോസലി ഡെയ്ന്‍ല പറയുന്നു. ജൂലൈ ഒന്നിന് ജയിലില്‍ വച്ചാണ് നാസിനോ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റിവര്‍ മാസിനോ എന്ന്  പേരിട്ട പെണ്‍കുഞ്ഞിനെ നാസിനോയോടൊപ്പം മനിലയിലെ സിറ്റി ജയിലില്‍ വെറും ഒരുമാസം മാത്രമാണ് പാര്‍പ്പിച്ചത്.

Baby River with her mother Reina Mae Nasino

ഫിലിപ്പീന്‍സിലെ നിയമം അനുസരിച്ച് ഒരുമാസം മാത്രമാണ് ജയിലില്‍ ജനിച്ച നവജാത ശിശുവിന് ജയിലില്‍ കഴിയാനാവുക. എന്നാല്‍ മലേഷ്യയില്‍ അറസ്റ്റിലാവുന്നവര്‍ക്ക് നവജാത ശിശുവിനെ മൂന്നോ നാലോ വയസുവരെ പാര്‍പ്പിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ ആനുകൂല്യങ്ങളൊന്നും നാസിനോയ്ക്ക് നല്‍കാന്‍ ഭരണകൂടം തയ്യാറായില്ല. കുഞ്ഞിനെ അമ്മയ്ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളും വിലപ്പോയില്ല. മകളെ അമ്മയ്ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നതാവും ഉചിതമെന്നും ഈ പ്രായത്തില്‍ മുലപ്പാല്‍ കുഞ്ഞിന് അത്യാവശ്യമാണെന്നുമുള്ള ആശുപത്രിയുടെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവറിനെ നാസിനോയുടെ അമ്മയുടെ സംരക്ഷണത്തില്‍ ജയില് അധികൃതര്‍ ഏര്‍പ്പിച്ചത്. ഓഗസ്റ്റ് 13നാണ് കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പിരിച്ച് നാസിനോയുടെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. ഈ അവസരത്തില്‍ പോലും നാസിനോയ്ക്ക് അഭിഭാഷകയെ കാണാനും അനുമതി ലഭിച്ചില്ല.

Ms Nasino's mother and campaigners

എന്നാല്‍ മുത്തശ്ശിയുടെ സംരക്ഷണയിലേല്‍പ്പിച്ച കുഞ്ഞിന് വയറിളക്കം ബാധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് റിവറിനെ സെപ്തംബര്‍ 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന്‍റെ നില മോശമായെന്ന് അധികൃതരെ അറിയിച്ചിട്ടും നാസിനോയ്ക്ക് കുട്ടിയെ കാണാനുള്ള അനുമതി നല്‍കിയില്ല. കഴിഞ്ഞ ആഴ്ച രോഗം മൂര്‍ച്ഛിച്ച് ന്യൂമോണിയ ബാധിച്ച കുഞ്ഞ് മരിക്കുകയായിരുന്നു. അടുത്തിടെ ട്രാന്‍സ്ജെന്‍ഡര്‍ വനിതയെ കൊലപ്പെടുത്തിയ അമേരിക്കന്‍ സൈനികന് ജാമ്യം നല്‍കിയ കോടതി നാസിനോയുടെ കാര്യത്തില്‍ സെലക്ടീവ് ജസ്റ്റിസ് എന്ന നയം പാലിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.  പ്രമാദമായ പല കേസുകളിലും പണക്കാര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമങ്ങള്‍ക്കായി പോലും നാസിനോയ്ക്ക് എത്താന്‍ സാധിച്ചില്ല. ഇതോടെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കാന്‍ തുടങ്ങിയത്. കുഞ്ഞ് മരിച്ച ശേഷം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്ത പരോള്‍ നല്‍കിയെങ്കിലും അതും റദ്ദാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും അധികൃതരുമുള്ളത്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. 

ചിത്രങ്ങള്‍ക്ക് കടപ്പാട് ബിബിസി

Follow Us:
Download App:
  • android
  • ios