അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്. 

ടെഹ്റാൻ : ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയൻ അധികൃതരും കുര്‍ദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. പ്രതിഷേധത്തിൽ അവസാന രണ്ട് ദിവസം മരിച്ചത് നാല് പേരാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം എട്ടായി. പൊലീസും സൈനികനും മരിച്ചവരിൽ ഉൾപ്പെടും. 

ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്. 

ഇറാനിൽ പൊതുവായി അനുവദിച്ചിട്ടുള്ള ഇൻസ്റ്റഗ്രാമാണ് വിലക്കിയിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. ചില മൊബൈൽ കണക്ഷനുകളും നിരോധിച്ചിട്ടുണ്ട്. 2019 നവംബറിലെ ലെ കലാപത്തിന് ശേഷം ഇറാനിൽ സംഭവിക്കുന്ന ഏറ്റവും വലിയ ഇൻ്റർനെറ്റ് നിരോധനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെക്സ്റ്റ് മാത്രമാണ് അയക്കാൻ കഴിയുന്നതെന്നും ചിത്രങ്ങൾ പങ്കുവെക്കാനാകുന്നില്ലെന്നും വാട്സ്ആപ്പ് ഉപയോ​ക്താക്കൾ പറയുന്നു. 

അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്. 

പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു

സംഭവത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനേയി പ്രതികരിക്കണമെന്ന് മുന്‍പാര്‍ലമെന്റ് അംഗം മഹ്‍മൂദ് സദേഗി ആവശ്യപ്പെട്ടു. അമേരിക്കയില്‍ ജോര്‍ജ് ഫ്രോയിഡ് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച പരമോന്നത നേതാവ്, ഇപ്പോള്‍ മഹ്‍സ അമീനിയോട് ഇറാന്‍ പൊലീസ് പെരുമാറിയതിനെക്കുറിച്ച് പ്രതികരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തു. സംഭവത്തില്‍ ഇറാന്‍ ആഭ്യന്തര മന്ത്രാലയവും തെഹ്റാനിലെ പ്രോസിക്യൂട്ടറും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More : മഹ്‌സ അമിനിയുടെ കൊലപാതകം; ഇറാനില്‍ ഹിജാബ് വലിച്ച് കീറിയും കത്തിച്ചും സ്ത്രീകള്‍ തെരുവിലിറങ്ങി