Asianet News MalayalamAsianet News Malayalam

24 മണിക്കൂറില്‍ 1500 മരണം, ഞെട്ടി അമേരിക്ക; ലോകത്ത് മരണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു, 20 ലക്ഷത്തോളം രോഗബാധിതര്‍

  • അമേരിക്കയിലെ മൊത്തം മരണസംഖ്യ ഇരുപത്തയ്യായിരം പിന്നിട്ടിട്ടുണ്ട്
  • പതിനാറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
  • വിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു
death rate increase in world april 14 covid 19 data
Author
New York, First Published Apr 15, 2020, 12:03 AM IST

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്ക് പ്രകാരം ലോകത്ത് 125018 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി ഇന്ന് 5400 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 60000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 4 ലക്ഷത്തി അറുപത്തയ്യായിരം പേര്‍ക്കാണ് രോഗം ഭേദമായത്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്ന് ഞെട്ടിയെന്ന് പറയാം. ആയിരത്തി അഞ്ചൂറിലധികം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1503 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ ഇരുപത്തയ്യായിരം പിന്നിട്ടിട്ടുണ്ട്. പതിനാറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 778 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പന്ത്രണ്ടായിരം കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ തൊണ്ണൂറായിരം കടക്കുകയും ചെയ്തു.

ഫ്രാന്‍സിലാകട്ടെ ഇന്ന് ഇതുവരെ 762 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനയ്യായിരം കടന്നു. ഇന്ന് ആറായിരത്തഞ്ഞൂറോളം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 602 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 21067 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 300 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 18056 പിന്നിട്ടിട്ടുണ്ട്. ഇന്ന് 2442 ഓളം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്ന് മാത്രം 254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 4157 കടക്കുകയും ചെയ്തു. 31000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിലാകട്ടെ ഇന്ന് 122  മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണസംഖ്യ മൂവായിരത്തിനടുത്തെത്തി.

തുര്‍ക്കി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മരണസംഖ്യ നൂറ് പിന്നിട്ടു. ഇറാനിലും നൂറിനടുത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയിലാകട്ടെ 78 മരണങ്ങളാണ് ഇന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios