Asianet News MalayalamAsianet News Malayalam

പറക്കലിനിടെ പൈലറ്റിന് സംശയം, രണ്ടും കൽപ്പിച്ച് എടുത്തുചാടി, പിന്നാലെ 830 കോടിയുടെ യുഎസ് യുദ്ധവിമാനം തകർന്നു

കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് പറഞ്ഞു. അപകടം സംഭവിച്ചതെങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്.

Debris found from F-35 jet in South Carolina after American air force pilot ejected prm
Author
First Published Sep 20, 2023, 8:00 AM IST

വാഷിങ്ടൺ: പറക്കലിനിടെ തകർന്നുവീണ അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് കരോലിനയിലാണ് സംഭവം. എഫ്-35 സൈനിക വിമാനം പറപ്പിക്കുന്നതിനിടെ അപകട സാധ്യത മുന്നിൽക്കണ്ട പൈലറ്റ് പുറത്തേക്ക് എടുത്തുചാടിയിരുന്നു. പൈലറ്റ് പാരച്യൂട്ട് ഉപയോ​ഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും വിമാനം കാണാതായി. തുടർന്ന് ഒരുദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ്  വിമാനത്തിന്റെ അവശിഷ്ടങ്ങൾ അവശിഷ്ടങ്ങൾ വില്ല്യംസ്ബർഗ് കൗണ്ടി ഗ്രാമത്തിൽ നിന്ന് സൈനിക ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് വിമാനം കാണാതായത്.  കാണാതായ 100 മില്യൺ ഡോളർ (ഏകദേശം 830 കോടി രൂപ)  ആണ് വിമാനത്തിന്റെ വില. ഇത്രയും വിലയുള്ള വിമാനം കാണാതായത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കോക്ക്പിറ്റിൽ നിന്ന് പുറത്തേക്ക് ചാ‌ടി‌യ പൈലഫ്ഫ് വടക്കൻ ചാൾസ്റ്റൺ പരിസരത്ത് സുരക്ഷിതമായി ഇറങ്ങി. വിമാനം  കണ്ടെത്താൻ പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടിരുന്നു. വിമാനം തകർന്നുവീണ സ്ഥലത്ത് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തകർച്ചയെക്കുറിച്ചോ തകർന്നുവീഴുന്ന ശബ്ദത്തെക്കുറിച്ചോ കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു.

കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് പറഞ്ഞു. അപകടം സംഭവിച്ചതെങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓട്ടോപൈലറ്റ് മോഡിൽ ആക്കിയ ശേഷമാണ് പൈലറ്റ് യുദ്ധവിമാനം  ഉപേക്ഷിച്ച് പുറത്തേക്ക് ചാടിയതെന്ന് ജോയിന്റ് ബേസ് ചാൾസ്റ്റണിലെ വക്താവ് പറഞ്ഞു. അതുകൊണ്ടാണ് വിമാനം എവിടെ തകർന്നുവീണു എന്ന് കണ്ടെത്താൻ വൈകിയതെന്നും വക്താവ് വ്യക്തമാക്കി. 

പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായുള്ള മറൈൻ ഫൈറ്റർ അറ്റാക്ക് ട്രെയിനിംഗ് സ്ക്വാഡ്രൺ 501-ൽ പെട്ടതാണ് FB-35B Lightning II വിമാനമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios