Asianet News MalayalamAsianet News Malayalam

'ഐസിസിൽ ചേരാൻ പോയത് അബദ്ധം, ഭീകരവാദത്തിനെതിരെ പോരാടാൻ തയ്യാർ'; പതിനഞ്ചാം വയസ്സിൽ യുകെ വിട്ട ഷമീമ ബീഗം പറയുന്നു

അന്ന് ശമീമയുടെ കൂടെ സിറിയക്ക് പോയ രണ്ടു പെൺകുട്ടികളിൽ ഒരാൾ അവിടെ വെച്ച് ഒരു ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

Decision to join ISIS was a blunder ready to fight terrorism in UK says shamima begum
Author
Syria, First Published Sep 18, 2021, 11:33 AM IST


ടീനേജ് പ്രായത്തിൽ യുകെ വിട്ട് സിറിയയിലേക്ക് പോയവരിൽ ഒരാളാണ് ഷമീമ ബീഗം. ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ തന്നെ അലട്ടാൻ പോവുന്ന ഒരു വലിയ തെറ്റായിരുന്നു ഐസിസിൽ ചേരാനെടുത്ത തീരുമാനം എന്നും യുകെയിലേക്ക് തിരിച്ചുവന്ന് രാജ്യത്തെ ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ സഹായിക്കാൻ തനിക്ക് താത്പര്യമുണ്ട് എന്നും അവർ ബിബിസിയോട് പറഞ്ഞു. ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്ന തന്നെ ഇനിയും സിറിയയിലെ ക്യാമ്പിൽ കിടന്നു നരകിക്കാൻ വിടരുതെന്നും അവർ യുകെ ഗവൺമെന്റിനോട് അപേക്ഷിച്ചു. 

ഐസിസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു എന്നൊരു ആക്ഷേപം ഇന്ന് ഈ 22 കാരിക്കുമേൽ ചുമത്തപ്പെടുന്നുണ്ട് എങ്കിലും, ഷമീമ അത് നിഷേധിക്കുന്നു. പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് കിഴക്കൻ ലണ്ടനിൽ നിന്ന് സഹപാഠികളായ രണ്ടു പെൺകുട്ടികൾക്കൊപ്പം ഷമീമ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പുറപ്പെട്ടു പോയത്. അവിടെ വെച്ച് അവർ നെതർലൻഡ്സിൽ നിന്ന് ഇതുപോലെ പുറപ്പെട്ടുവന്നെത്തിയ ഒരു യുവാവിന്റെ വധുവാകുന്നു. അവിടെ ഐസിസ് ഭരണത്തിന് കീഴിൽ ഷമീമ മൂന്നുവർഷം കഴിയുകയും ചെയ്യുന്നു. 2019 -ൽ ഗര്ഭിണിയാവുന്ന അവർ ഒരു റെഫ്യൂജി ക്യാമ്പിൽ എത്തിപ്പെടുന്നു. അന്ന് അവിടെ പ്രസവിച്ച ആൺകുഞ്ഞ് പിന്നീട് ന്യൂമോണിയ ബാധിച്ച് മരിച്ചു പോവുന്നു. അതിനു മുമ്പും രണ്ടു വട്ടം ഇതുപോലെ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു എന്ന് അവർ അന്ന് പറഞ്ഞു. 

അന്ന് ഷമീമയുടെ കൂടെ സിറിയക്ക് പോയ രണ്ടു പെൺകുട്ടികളിൽ ഒരാൾ അവിടെ വെച്ച് ഒരു ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത്തെ യുവതിയെക്കുറിച്ചോ ഐസിസ് പോരാളിയായ തന്റെ ഭർത്താവിനെക്കുറിച്ചോ ഇപ്പോൾ തനിക്ക് യാതൊരു വിവരവുമില്ല എന്നും ഷമീമ ബീഗം പറയുന്നു. 

അന്നത്തെ യുകെ സ്റ്റേറ്റ് സെക്രട്ടറി സാജിദ് ജാവേദ് അന്ന് ദേശസുരക്ഷയെ മുൻനിർത്തി ഷമീമ ബീഗത്തിന്റെ യുകെ പൗരത്വം റദ്ദാക്കിയിരുന്നു. ഐസിസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കാലത്ത് നടത്തിയ പ്രസ്താവനകളെക്കുറിച്ചും ആ ഭൂതകാലത്തെ കുറിച്ചും ഓർക്കുമ്പോൾ ഇന്ന് കൊടിയ പശ്ചാത്താപം തോന്നുന്നു എന്നും അവർ പറഞ്ഞു. തന്നെ തിരിച്ച് യുകെയിലേക്ക് വരാൻ അനുവദിച്ചാൽ, നാട്ടിൽ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ള യുവജനങ്ങളെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൗൺസിൽ ചെയ്ത് അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ട സഹായം ചെയ്യാൻ തനിക്ക് സാധിക്കുമെന്നും ഷമീമ ബിബിസിയോട് പറഞ്ഞു. യുകെയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ തന്റെ സാന്നിധ്യം ഗവണ്മെന്റിനു ഏറെ ഗുണം ചെയ്‌തേക്കും എന്നും അവർ ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios