വത്തിക്കാന്‍: ഇസ്താംബൂളിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയ തുര്‍ക്കിയുടെ നീക്കം വേദനിപ്പിക്കുന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.  സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രസംഗത്തിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. ജൂലൈ 12 കടലിന്‍റെ ദിവസമായാണ് ആചരിച്ചത്. സെന്‍റ് സോഫിയയേക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. അതീവ ദുഖിതനാണ് താനെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. 

ഹാഗിയ സോഫിയയേക്കുറിച്ച് മറ്റൊന്നും പറഞ്ഞില്ലെങ്കിലും തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിബ് എര്‍ദൊഗാന്‍റെ തീരുമാനത്തിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നതായിരുന്നു പ്രഭാഷണത്തിനിടയിലുള്ള ഈ പരാമര്‍ശം. 1453ലാണ് സാന്താ സോഫിയ കത്തീഡ്രല്‍ ഓട്ടോമന്‍ പടനായകരാണ് മോസ്ക് ആക്കി മാറ്റിയത്. അതിന് മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനാലയമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ മുസ്ലിം പള്ളി ആക്കിയ ഈ ആരാധനാലയം  പിന്നീട് 1934 ല്‍ ആണ്  മ്യൂസിയം ആക്കുന്നത്.

ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റിയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് വ്യക്തമാക്കിയത്. ജൂലൈ 24 ന് ഹാഗിയ സോഫിയയില്‍ ആദ്യത്തെ പ്രാര്‍ത്ഥന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് വെള്ളിയാഴ്ച  നടത്തിയ പ്രഖ്യാപനത്തില്‍ വിശദമാക്കിയിരുന്നു. ഹാഗിയ സോഫിയ  മസ്ജിദാക്കി മാറ്റുന്ന തീരുമാനത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണമെത്തുന്നത്.