മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെയും മറ്റു 20 പേരുടെയും കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആരംഭിച്ചു

വത്തിക്കാൻ: കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആരംഭിച്ചു. മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ അടക്കം 21 പേരെ കർദിനാൾമാരായി ഉയർത്തുന്ന ചടങ്ങുകൾ ഇന്ത്യൻ സമയം എട്ടരയോടെയാണ് ആരംഭിച്ചത്. ആര്‍ച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങിനായി ആവേശത്തോടെ അതിലേറെ അഭിമാനത്തോടെയും കാത്തിരിക്കുകയാണ് കേരളത്തിലെ സഭാസമൂഹം.

ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്.

മാര്‍ഗദര്‍ശനം നല്‍കിയ എല്ലാവരെയും മനസിലോര്‍ക്കുന്നുഎന്നായിരുന്നു മാര്‍ ജോര്‍ജ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഭാരത സഭയ്ക്ക് അഭിമാന മുഹൂര്‍ത്തമെന്നാണ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വൈദികരുടെ പ്രതികരണം. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകന്‍ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വിശ്വാസികളും വത്തിക്കാനെത്തിയിട്ടുണ്ട്. വൈദികരെ നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുന്നത് പ്രത്യേകതയുള്ള തീരുമാനമെന്നായിരുന്നു കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ പ്രതികരിച്ചു. ഭാരത സഭയൊന്നാകെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വലിയ സന്തോഷമുള്ള കാര്യമെന്നായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. ജോര്‍ജ് കൂവക്കാടിന്‍റെ സ്ഥാനലബ്ധി പ്രവര്‍ത്തനമികവിനുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ സമയം ഇന്ന് രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ‌് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്‍റണി, അനൂപ് ആന്‍റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉൾപ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാനനിമിഷമാണെന്ന് സംഘം പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.

Asianet News Live | Archbishop George Jacob Koovakad | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്