യുകെ, ഇംഗ്ലണ്ട്, ഗ്രേറ്റ് ബ്രിട്ടൻ തുടങ്ങിയ പദങ്ങൾ ദിവസേന കേൾക്കാറുണ്ടെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. 

ഇം​ഗ്ലണ്ട്, യുകെ, ​ഗ്രേറ്റ് ബ്രിട്ടൻ എന്നിവ നാം നിത്യവും പറയാറോ കേൾക്കാറുള്ളോ ഉള്ള പദങ്ങളാണ്. ഇവയ്ക്കെല്ലാം ഒരേ അർത്ഥമാണോ, അല്ലെങ്കിൽ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന കാര്യം പലർക്കും അറിയില്ല. ഇവയെല്ലാം പര്യായപദങ്ങളാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഓരോന്നിനും അതിന്റേതായ അർത്ഥമുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കാൻ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

ഇംഗ്ലണ്ട് എന്നാൽ ഒരു രാജ്യമാണ്. മറ്റ് എല്ലാ രാജ്യങ്ങളെയും പോലെ തന്നെ അതിന് അതിന്റേതായ ചരിത്രവും അതിർത്തികളുമുണ്ട്. അതേസമയം, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവ ഉൾപ്പെടുന്ന ഒരു ദ്വീപാണ് ഗ്രേറ്റ് ബ്രിട്ടൻ. അതായത് മൂന്ന് ഘടക രാജ്യങ്ങൾ ചേർന്ന പ്രദേശത്തെയാണ് ഗ്രേറ്റ് ബ്രിട്ടൻ എന്ന് പറയുന്നത്. അതിനാൽ, ഗ്രേറ്റ് ബ്രിട്ടൻ ഒരു ഭൂമിശാസ്ത്രപരമായ പദവിയാണ്. എന്നാൽ, യുണൈറ്റഡ് കിംഗ്ഡം എന്ന പദം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പരമാധികാര രാഷ്ട്രത്തെയാണ് സൂചിപ്പിക്കുന്നത്. 

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളോടൊപ്പം നോർത്തേൺ അയർലൻ‍ഡ് കൂടി ഉൾപ്പെടുന്നതാണ് നമ്മൾ സാധാരണയായി പറയാറുള്ള യുകെ. യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ചുരുക്കിപ്പറഞ്ഞാൽ, ഇംഗ്ലണ്ട് എന്നത് ഒരു ഘടക രാജ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവ ഉൾപ്പെടുന്ന ദ്വീപിനെയാണ് ഗ്രേറ്റ് ബ്രിട്ടൻ എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടനും വടക്കൻ അയർലൻഡും ഉൾപ്പെടുന്ന പരമാധികാര രാഷ്ട്രമാണ് യുണൈറ്റഡ് കിംഗ്ഡം.