ഈ പ്രായത്തിലുള്ളവർക്ക് സാധാരണ ഗതിയിൽ അനുഭവപ്പെടുന്ന കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളോ വയറിനുള്ള ബുദ്ധിമുട്ടുകളോ ട്രംപിനില്ലെന്നും ക്യാപ്റ്റൻ സീൻ ബാർബെല്ല
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യ നില മികച്ചതെന്ന് വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ധർ. എംആർഐ പരിശോധനകൾക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഡോക്ടർമാരുടെ പ്രതികരണം. 79കാരനായ ട്രംപിന്റെ ഹൃദയം, വയറ് എന്നിവയുടെ വിശദമായ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. പ്രസിഡന്റ് പൂർണ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നുമാണ് വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ക്യാപ്റ്റൻ സീൻ ബാർബെല്ലയാണ് തിങ്കളാഴ്ച ഇത് സംബന്ധിയായ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഈ പ്രായത്തിലുള്ളവർക്ക് സാധാരണ ഗതിയിൽ അനുഭവപ്പെടുന്ന കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളോ വയറിനുള്ള ബുദ്ധിമുട്ടുകളോ ട്രംപിനില്ലെന്നും ക്യാപ്റ്റൻ സീൻ ബാർബെല്ല വിശദമാക്കുന്നു. ഒക്ടോബർ മാസത്തിൽ നടത്തിയ പരിശോധനാഫലമാണ് പുറത്ത് വന്നത്.
പ്രസ്താവന ടിം വാൾസിന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ
രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ട്രംപിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മിനസോട്ട ഗവർണർ ടിം വാൾസ് വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് എംആർഐ ഫലം സംബന്ധിച്ച പ്രസ്താവന വൈറ്റ് ഹൗസ് നടത്തുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ള വിഷയം. ധമനികൾ ചുരുങ്ങുന്നത് പോലുള്ള അവസ്ഥ ട്രംപിന് അനുഭവപ്പെടുന്നില്ല. ട്രംപിന്റെ ഹൃദയം പെർഫെക്റ്റ് സ്ഥിതിയിലാണെന്നും ക്യാപ്റ്റൻ സീൻ ബാർബെല്ല വിശദമാക്കുന്നത്. പ്രതീക്ഷിക്കപ്പെട്ട രീതിയിലുള്ള ഫലമാണ് എംആർഐയിൽ ലഭിച്ചതെന്നും യുഎസ് നാവിക സേനയിലെ എമർജൻസി വിഭാഗം ഡോക്ടറായ ക്യാപ്റ്റൻ സീൻ ബാർബെല്ല വിശദമാക്കുന്നത്. ട്രംപിന്റെ ശരീരം പൂർണ ആരോഗ്യമുള്ളതാണെന്നും വൈറ്റ് ഹൗസ് വക്താവ് വിശദമാക്കി. നേരത്തെ ഒക്ടോബറിൽ നടന്ന എംആർഐ റിസൽട്ട് പുറത്ത് വിടാൻ വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധർ തയ്യാറായിരുന്നില്ല. ഏത് ഭാഗമാണ് എംആർഐ സ്കാന് വിധേയമാക്കിയതെന്നും വൈറ്റ് ഹൗസ് വിശദമാക്കിയിരുന്നില്ല. എംആർഐ റിസൽട്ട് പുറത്ത് വിടുന്നതിൽ തനിന്ന് എതിർപ്പില്ലെന്ന് ഞായറാഴ്ച ട്രംപ് വിശദമാക്കിയിരുന്നു. നടന്നത് സാധാരണ എംആർഐ ആണോ ഏതൊക്കെ ഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമായി എന്നിവ അറിയില്ലെന്നും ട്രംപ് എയർ ഫോഴ്സ് വണിൽ വച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
നേരത്തെ ഏപ്രിൽ മാസത്തിൽ ട്രംപ് വാർഷിക പരിശോധന പൂർത്തിയാക്കിയിരുന്നു. സുതാര്യത ഉറപ്പാക്കാനാണ് പരിശോധനാഫലം പുറത്ത് വിടുന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്. എന്നാൽ ടെസ്റ്റ് ഏത് വിധത്തിലുള്ളതാണെന്ന വിശദ വിവരങ്ങൾ പ്രസ്താവനയിൽ വ്യക്തമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സംശയകരമായ പല സൂചനകളും പ്രസ്താവന മുന്നോട്ട് വയ്ക്കുന്നതായും വൈറ്റ് ഹൗസിന് പുറത്തുള്ള ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ജൂലൈ മാസത്തിൽ കാലുകളിൽ നീരുവയ്ക്കുന്നതിന് കാരണമായ അവസ്ഥ ട്രംപിനുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു.


