വുഹാന്‍: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രേലിയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

എന്നാല്‍ കൊറോണവൈറസ് ബാധയെ തുടർന്ന് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ് വ്യക്തമാക്കി. ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ജിദ്ദ കോൺസുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി. ജിദ്ദ കോൺസുലേറ്റ് നോര്‍ക്ക അഡീഷണൽ സെക്രട്ടറിയേയാണ് ഇക്കാര്യം അറിയിച്ചത്. 

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ കോട്ടയം സ്വദേശിനി. സഹ​പ്രവർത്തകയായ അൽഹയ്യാത്ത്​ ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ്​ ആദ്യം വൈറസ് ബാധയുണ്ടായത്​. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ്​ സൂചന. മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണവൈറസല്ലെന്നു ഇന്നലെ സ്ഥിരീകരണം വന്നിരുന്നു. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്ന് സയന്‍റിഫിക് റീജണൽ ഇൻഫെക്ഷൻ കണ്ട്രോൾ കമ്മിറ്റി ചെയർമാൻ ഡോക്ടർ താരിഖ് അൽ അസ്റാഖിയാണ് വ്യക്തമാക്കിയത്.