ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു. വത്തിക്കാനിൽ തിരിച്ചെത്തുന്ന മാർപാപ്പ ഇന്ന് വിശ്വാസികളെ ആശീർവദിക്കും
വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടർമാർ. മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തെ നയിച്ച ഡോക്ടർ സെർജിയോ ആൽഫിയേരിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മാർപാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിവരിച്ചു. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.
ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണം ചെയ്യും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വത്തിക്കാനിൽ നിന്ന് ആശ്വാസ വാർത്ത, ഓക്സിജൻ മാസ്കില്ലാതെ ശ്വസിച്ച് മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി
അതേസമയം മാർപാപ്പ അവസാനമായി നടത്തിയ രാഷ്ട്രീയ ഇടപെടൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയതാണ്. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നുമാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. ചികിത്സയിൽ പ്രവേശിക്കുന്നതിന് മുമ്പ് യു എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പ കടുത്ത വിമർശനം നടത്തിയത്. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നടക്കം മാർപാപ്പ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ ചൂണ്ടികാട്ടിയിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നുമാണ് മാർപാപ്പ അന്ന് ഓർമിപ്പിച്ചത്.
