കറുപ്പും വെളുപ്പും നിറമുള്ള പെയിന്റുകൾ ഉപയോഗിച്ചാണ് മൃഗശാല അധികൃതർ നായകളെ 'പാണ്ട'കളാക്കി മാറ്റിയത്.
ബീജിംഗ്: ചൈനയിലെ ഷാൻവെയ് മൃഗശാലയിൽ സഞ്ചാരികളെ കബളിപ്പിക്കാൻ ശ്രമം. പാണ്ടകൾക്ക് പകരം ദേഹമാസകലം പെയിന്റടിച്ച നായകളെയാണ് അധികൃതർ സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. ഒറ്റനോട്ടത്തിൽ പാണ്ടയെന്ന് തോന്നിപ്പിക്കുമെങ്കിലും ഇവ കുരച്ചതോടെയാണ് സത്യം പുറത്തുവന്നത്. പാണ്ടകൾ കുരയ്ക്കുന്നത് ഉൾപ്പെടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട സഞ്ചാരികൾ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി.
ആദ്യ ഘട്ടത്തിൽ മൃഗശാല അധികൃതർ സത്യം വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും പിന്നീട് മറ്റ് വഴികളില്ലാതായതോടെ കുറ്റസമ്മതം നടത്തി. തുടക്കത്തിൽ ഇവ ഒരു പ്രത്യേകതരം 'പാണ്ട ബ്രീഡാ'ണെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ, സഞ്ചാരികൾ രോഷാകുലരാകുന്ന ഘട്ടമെത്തിയപ്പോൾ മൃഗശാല അധികൃതർ തന്നെ അവരുടെ വഞ്ചന അംഗീകരിക്കാൻ നിർബന്ധിതരാകുകയായിരുന്നു. മൃഗശാലയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോയിൽ ഒരു 'പാണ്ട' പാറയിൽ കിടക്കുകയും മറ്റൊന്ന് ചുരുണ്ട വാലുമായി നടന്നുവരുന്നതും കാണാം. ഇതോടെ ഇവ യഥാർത്ഥ പാണ്ടകളല്ലെന്ന് മനസ്സിലാക്കിയ സന്ദർശകർ പണം തിരികെ ആവശ്യപ്പെട്ടു.
അതേസമയം, ഇതാദ്യമായല്ല ചൈനയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മെയ് മാസത്തിൽ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ഷു മൃഗശാല സമാനമായ സംഭവത്തിന്റെ പേരിൽ വലിയ വിമർശനം നേരിട്ടിരുന്നു. അവിടെയും അധികൃതർ നായകളുടെ മുഖത്ത് ചായം പൂശി പാണ്ടകളായി പ്രദർശിപ്പിക്കുകയാണ് ചെയ്തത്.
READ MORE: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു; അഫ്ഗാനിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ
