വിയറ്റ്നാം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലെ രണ്ടാമത്തെ കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിലെ ഹാനോയിയിൽ നടക്കും. രണ്ടുദിവസത്തെ കൂടിക്കാഴ്ചക്കിടെ ആണവനിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും അത്തരമൊരു പ്രതീക്ഷ വേണ്ടെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്. 

സിംഗപ്പൂരിൽ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതിൽ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകൾ നശിപ്പിക്കുക മാത്രമാണ് വടക്കൻ കൊറിയ ചെയ്തത്. ഈ നടപടിയിൽ വ്യാപക അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇത്തവണ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആണവനിരായുധീകരണത്തിന് കിം സമ്മതിക്കാൻ സാധ്യതയില്ല. ആണവായുധപരീക്ഷണം നടക്കാതിരുന്നാൽ തന്നെ സന്തോഷം എന്ന് അമേരിക്കൻ പ്രസിഡന്‍റ് കൂടിക്കാഴ്ചക്ക് മുമ്പേ നയം വ്യക്തമാക്കിയത്. ആണവായുധങ്ങൾ സർവസജ്ജമായി വടക്കൻ കൊറിയയിൽ ശേഷിക്കുന്നുണ്ട് അതുപയോഗിക്കാൻ മടിക്കില്ലെന്ന് കിം മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.

കൂടിക്കാഴ്ച നടക്കുന്നത് വിയറ്റ്നാമിലാണെന്നതിലും ചില സൂചനകളുണ്ട്. അമേരിക്കയുടെ ശത്രുവായിരുന്ന വിയറ്റ്നാം മിത്രമായശേഷം വൻ പുരോഗതിയാണ് കൈവരിച്ചത്. തന്‍റെ മുത്തച്ഛൻ പണ്ട് വന്നതുപോലെ സ്വന്തം ട്രെയിനിൽ 4000 ലധികം കിലോമീറ്റ‌ർ സഞ്ചരിച്ച് ചൈന കടന്നാണ് കിമ്മും വിയറ്റ്നാമിൽ എത്തിയിരിക്കുന്നത്. ട്രയിൻ കടന്നുപോവുന്ന വഴിയിലെ റോഡുകളും ട്രെയിൻ സ്റ്റേഷനുകളും അടച്ച് ചൈന  കിമ്മിന് സുരക്ഷ ഒരുക്കിയിരുന്നു.

സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് ഇന്ന് നടക്കുക . നാളെയാണ് ഔദ്യോഗിക ചർച്ചകൾ.