വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്.  അമേരിക്കൻ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്‍റ് ആയി ഡോണൾഡ് ട്രംപ്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. 

ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. 197 റിപ്പബ്ലിക്കൻ അംഗങ്ങൾ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ചില്ല. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം.

 രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ട് വന്നത്.  ട്രംപിനെ പുറത്താക്കാന്‍ 25-ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. 2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരെ നടക്കുന്ന വേട്ടയാടലിന്‍റെ ഭാഗമാണ് ഇംപീച്ച്മെന്‍റ് എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.

അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം. ഈ ദിനത്തില്‍ രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. നേരത്തെ വാഷിംങ്ടണ്‍ മേയര്‍ മൂരിയല്‍ ബൌസര്‍ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ജനുവരി 6ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളില്‍ നടത്തിയ അട്ടിമറി ശ്രമങ്ങളെ തുടര്‍ന്നാണ് ബൈഡന്‍റെ സ്ഥാനാരോഹണത്തിന് സുരക്ഷ എന്ന നിലയില്‍ യുഎസ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണം ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവിധ ഫെഡറല്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ യുഎസ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൂടിയാണ് പുതിയ ഉത്തരവ്.