വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ വ്യാപക വിമര്‍ശനം. നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം. 'രാജ്യത്തിന്‍റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍നിന്ന് വന്നവരാണ് ഇവര്‍. എന്‍റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. നിങ്ങള്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണെങ്കില്‍, നിങ്ങള്‍ക്ക് ഇവിടെ സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം'.- എന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. തുടര്‍ന്ന് ഇവര്‍ക്കെതിരെ ട്രംപ്  ട്വിറ്ററിലും രംഗത്തെത്തി. 

വൈറ്റ്ഹൗസിന് പുറത്തുനടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ വിമര്‍ശനം. ഡെമോക്രാറ്റിക് വനിത അംഗങ്ങള്‍ക്കുനേരെയുള്ള പരാമര്‍ശം വംശീയമാണെന്നും  വിദേശവിദ്വേഷമാണെന്നും വിമര്‍ശനമുയര്‍ന്നു. സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ രംഗത്തെത്തി. ട്രംപിന്‍റെ പരാമര്‍ശം സെനോഫോബിയ(പരദേശി വിദ്വേഷം) ആണെന്നും അമേരിക്കയുടെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും പെലോസി ട്വീറ്റ് ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപിന്‍റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് തെരേസ മേയുടെ വക്താവ് അറിയിച്ചു. ബേര്‍ണി സാന്‍ഡേഴ്സ്, ഡോണ്‍ ബെയര്‍ എന്നിവരും ട്രംപിനെതിരെ രംഗത്തെത്തി. 

വനിതാ അംഗങ്ങളായ അലക്സ്രാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്, റാഷിദ ലെയ്ബ്, അയാന പ്രസ്ലി, ഇല്‍ഹാന്‍ ഒമര്‍ എന്നിവരെയാണ് ട്രംപ് പേരുപറയാതെ വിമര്‍ശിച്ചത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ 12ാം വയസ്സില്‍ അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. കഴിഞ്ഞ ആഴ്ച സ്പീക്കര്‍ നാന്‍സി പെലോസിയും ഇവരെ വിമര്‍ശിച്ചിരുന്നു.