Asianet News MalayalamAsianet News Malayalam

ജോ ബൈഡനെതിരെ അന്വേഷണം നടത്തണം, ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ; ഇംപീച്ച്മെന്‍റ് നീക്കം ശക്തം

ട്രംപും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള ജൂലൈ 25ലെ ഫോൺ വിളിയുടെ കൂടുതൽ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ. 

Donald trump efforts to get Ukraine to investigate Joe Biden More evidence against democrats impeachment inquiry
Author
Washington D.C., First Published Oct 7, 2019, 10:57 AM IST

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ. മുൻ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ ഒരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രൈനിയൻ പ്രസിഡന്‍റ് വൊളദിമിർ സെലിൻസ്‍കിയ്ക്കേ മേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയതിന് തെളിവുണ്ടെന്നാണ് രണ്ടാമത്തെ വിസിൽ ബ്ലോവറുടെ അവകാശവാദം. ഇതോടെ ട്രംപിനെതിരെ ഇംപീച്ച്മെന്റിനായി ഡെമോക്രാറ്റ് പാർട്ടി സമ്മർദ്ദം കൂടുതൽ ശക്തമാക്കും.

വിവരം നൽകിയ ആൾ ഇന്റലിജൻസ് ഉദ്യോഗസ്ഥനാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജനറലായ മൈക്കൽ ആറ്റ്കിൻസൺ പറഞ്ഞു. ട്രംപും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള ജൂലൈ 25ലെ ഫോൺ വിളിയുടെ കൂടുതൽ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ. അതേസമയം, ആരോപണങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ജൂലൈയിൽ ട്രംപ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം പലവട്ടം സെലൻസ്കിയെ ട്രംപ് ഫോണിൽ വിളിച്ച് ജോ ബൈഡനും ഹണ്ടർ ബൈഡനും എതിരെ നീങ്ങാൻ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതരമായ ആരോപണമായിരുന്നു ആദ്യത്തെ വിസിൽ ബ്ലോവർ വെളിപ്പെടുത്തിയത്. തുടർന്ന് ട്രംപ് ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചെന്നും ഇംപീച്ച്മെന്‍റ് നടപടികൾക്ക് തുടക്കമിടുകയാണെന്നും ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സ് സ്പീക്കറും മുതിർന്ന ഡെമോക്രാറ്റ് നേതാവുമായ നാൻസി പെളോസി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മറ്റൊരു രാജ്യത്തെ ഇടപെടുത്തിയതും ഭരണഘടനാലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഡെമോക്രാറ്റിക് നേതൃത്വം വിലയിരുത്തുന്നുവെന്ന് നാൻസി പൊളോസി പറഞ്ഞു.

Read More:ഇംപീച്ച് ചെയ്യാൻ നീക്കം; ഡെമോക്രാറ്റുകള്‍ വേട്ടയാടുന്നുവെന്ന് ഡോണൾഡ് ട്രംപ്

പ്രസിഡന്‍റ് എന്ന പദവി ദുരുപയോഗം ചെയ്ത്, തന്‍റെ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെടണമെന്ന് വൊളദിമിർ സെലിൻസ്‍കിയോട് ട്രംപ് ആവശ്യപ്പെട്ടു. ഇതിന് ബദലായി യുക്രൈന് 400 ദശലക്ഷം യുഎസ് ഡോളർ ട്രംപ് വാഗ്‍ദാനം ചെയ്തെന്നുമാണ് ഇംപീച്ച്മെന്‍റിലെ പ്രധാനം ആരോപണം. ഇതിന് പിന്നാലെ ട്രംപിന്റെ അഭിഭാഷകനും ന്യൂയോർക്ക് മുൻ മേയർ റൂഡി ജിയൂലിയാനിയെ ഉപയോഗിച്ചും ട്രംപ് യുക്രൈനോട് അന്വേഷണ സാധ്യതകളെക്കുറിച്ച് ആരാഞ്ഞിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലൻസ്കിയോട് എട്ട് തവണ ഫോണിൽ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വിവരം.

Read More:തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹം, തെളിവുകള്‍ കെട്ടിച്ചമച്ചത്; പൊട്ടിത്തെറിച്ച് ഡോണൾഡ് ട്രംപ്

ജൂലൈ 25-ന് ട്രംപ് നടത്തിയ ഈ ഫോൺ കോൾ, പക്ഷേ, പദാനുപദ രേഖയല്ലെന്ന് വൈറ്റ് ഹൗസും പറയുന്നു. ഈ രേഖയിൽ ഇങ്ങനെയൊരു സഹായം ചെയ്താൽ പകരം സൈനിക സഹായം ചെയ്ത് തരാമെന്ന് ട്രംപ് പറയുന്നതായി ഇല്ല. എന്നാൽ ഡെമോക്രാറ്റുകൾ പിൻമാറാൻ തയ്യാറല്ല. ഇത്തരം സഹായം ചെയ്ത് തരാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് സെലിൻസ്കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിച്ചതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.

2016-ലെ തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റണിനെ തറ പറ്റിക്കാൻ ട്രംപ് റഷ്യൻ ഇന്‍റലിജൻസിന്‍റെ സഹായം തേടിയെന്നും ഡെമോക്രാറ്റ് പാർട്ടിയുടെ സെർവറുകൾ ഹാക്ക് ചെയ്യിച്ചെന്നും അമേരിക്കൻ അന്വേഷണ ഏജൻസികൾ തന്നെ കണ്ടെത്തിയിരുന്നതാണ്. അത് കണ്ടുപിടിച്ച് തരണമെന്നും സെലിൻസ്കിയോട് ട്രംപ് ആവശ്യപ്പെടുന്നുണ്ട്. ''അവർ പറയുന്നത് ആ സെർവർ യുക്രൈനിലുണ്ടെന്നാണ്. എങ്കിൽ ഞങ്ങളുടെ അറ്റോർണി ജനറൽ നിങ്ങളുടെ ആളുകളെ വിളിക്കും. അതിലെന്താണുള്ളതെന്ന് മുഴുവൻ എനിക്ക് പരിശോധിക്കണം'', എന്നും ഫോൺകോളിൽ ട്രംപ് പറയുന്നു.

Read More:ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്കെതിരെ ഗൂഢാലോചന: ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നീക്കം സജീവം

എന്നാൽ ഇത്തരമൊരു ഫോൺകോൾ സർവസാധാരണമാണെന്നാണ് ട്രംപിന്‍റെ വിശദീകരണം. ഫോൺ രേഖകളിലെ ഒരു കാര്യവും ചട്ടവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ലെന്നും ട്രംപ് പറഞ്ഞു. ഇംപീച്മെന്‍റ് നടപടിയിലൂടെ ഡെമോക്രാറ്റുകൾ തന്നെ വേട്ടയാടുകയാണ് എന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തന്‍റെ യുൻ സന്ദർശനം താറുമാറാക്കാനുള്ള ശ്രമമാണിതെന്നും ഈ നീക്കം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുകയേ ഉള്ളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഉടൻ പുറത്തുവിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios