സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. 'ഷോ തുടരട്ടെ' എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

വാഷിങ്ടണ്‍: താൻ പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ് നടന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. 'ഷോ തുടരട്ടെ' എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: "ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. 'ഷോ തുടരട്ടെ' എന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും"- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റിൽ തുടർ നടപടികൾ വിശദീകരിച്ചു.

പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പിന്നാലെ വ്യക്തമാക്കി. 30 മിനിറ്റിനുള്ളിൽ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ നിന്ന് താൻ വാർത്താസമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും പൂർണ്ണ ആരോഗ്യവാന്മാരാണ്. ഇന്ന് നടത്താനിരുന്ന പരിപാടി 30 ദിവസത്തിനുള്ളിൽ തന്നെ സംഘടിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ്സ് അസോസിയേഷൻ വാർഷിക വിരുന്നിനിടെ ആണ് വെടിവെപ്പ് ഉണ്ടായത്. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും ഭരണകർത്താക്കളും പങ്കെടുത്ത ചടങ്ങിലുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അത്താഴവിരുന്നിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഓടിക്കയറുകയും എല്ലാവരോടും താഴെ ഇരിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. അഞ്ചു മുതൽ എട്ടു തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.