ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെയാണിത്. സംഘർഷം രൂക്ഷമായതോടെ, ഇറാൻ ഒരു കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

വാഷിങ്ടൺ: ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഏറ്റവും വലിയ പാലം ആക്രമിച്ച് തകർത്ത ശേഷമായിരുന്നു മുന്നറിയിപ്പ്. ആദ്യം പാലങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെക്കുമെന്ന് പിന്നീട് വൈദ്യുതി പ്ലാന്റുകൾ തകർക്കുമെന്നുമാണ് ഭീഷണി.

Add Asianetnews as a Preferred SourcegooglePreferred

ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ അമേരിക്ക തകർത്തു. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവ‍ർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുകയാണ്. കരയുദ്ധത്തിന് ഇറാൻ അതിവേഗം സജ്ജമാകുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്‍റെ നീക്കം.