2020ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് നടപടികള്‍ പുരോഗമിക്കുന്നത്.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സ് പെലോസി. ഇംപീച്ച്മെന്‍റ് നടപടികളുടെ കരട് തയ്യാറാക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായും നാന്‍സി പെലോസി വ്യക്തമാക്കി. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടങ്ങള്‍ക്ക് ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്തെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് പെലോസി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ബ്രിട്ടന്‍ രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്‍റെ നടപടികളുമായാണ് ട്രംപിന്‍റെ ചെയ്തികളെ പെലൊസി ഉപമിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന തരത്തിലാണ് ട്രംപ് പ്രവര്‍ത്തിച്ചത്. അഴിമതിക്കും തെരഞ്ഞെടുപ്പിനെ സ്വന്തം നേട്ടത്തിനുമായി ഉപയോഗിച്ചു. ദേശ സുരക്ഷ മറികടന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ട്രംപിനെതിരെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തതില്‍ വിഷമമുണ്ട്. പക്ഷേ, സ്ഥാപകരോടുള്ള നന്ദിയും അമേരിക്കയോയുള്ള സ്നേഹവും മുന്‍നിര്‍ത്തി ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
2020ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് നടപടികള്‍ പുരോഗമിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഉക്രെയിനെജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും നിര്‍ബന്ധിച്ചെന്ന് സിദ്ധാന്തമുണ്ടാക്കിയാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് ആരോപണം.
ഉക്രൈന്‍ കമ്പനിയില്‍ ഹണ്ടര്‍ ബൈഡന്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ ജോ ബൈഡന്‍ അഴിമതി നടത്തിയെന്ന് തെളിവുകള്‍ നിരത്താതെ ട്രംപ് ആരോപിച്ചിരുന്നു. മൂന്ന് ഭരണഘടന വിദഗ്ധര്‍ അടങ്ങുന്ന സമിതിയാണ് ഇംപീച്ച്മെന്‍റ് കരട് തയ്യാറാക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളെ ട്രംപ് തള്ളിപ്പറഞ്ഞു. താന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്നും സത്യം തന്‍റെ ഭാഗത്തായതിനാല്‍ താന്‍ വിജയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപ്, നാന്‍സ് പെലോസി
