അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്

ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡന്‍റ് പദത്തിലേക്കുള്ള ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിന് ഇനി കൃത്യം 10 ദിവസം മാത്രമാണുള്ളത്. ജനുവരി 20 ന് അമേരിക്കൻ പ്രസിഡന്‍റായി വീണ്ടുമൊരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേൽക്കും. ട്രംപിന്‍റഫെ രണ്ടാം സ്ഥാനാരോഹണ ചടങ്ങ് ലോകത്തെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്. ഇതുവരെ കണ്ടതിൽ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേൽക്കുക. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും. ഇതുവരെ ക്ഷണിച്ച വിശിഷ്ടാതിഥികളുടെ പട്ടിക സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്‍റെ പേരാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

150 മില്യൺ ഡോളർ, അഥവാ 1200 കോടി! വിസ്മയിക്കാൻ റെഡിയായിക്കോളൂ ലോകമേ! ട്രംപിൻ്റെ രണ്ടാം വരവ്, അമ്പമ്പോ പൊളിയാകും

ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. അമേരിക്കയുമായി പലപ്പോഴും വാക്പോരിലേർപ്പെടാറുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗ്

ചൈനിസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ തന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാൽ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണമാകും.

യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ

ഡോണൾഡ് ട്രംപിന് പ്രസിഡന്‍റ് സ്ഥാനം കൈമാറുന്ന ചടങ്ങിൽ തീർച്ചയായും പങ്കെടുക്കുമെന്ന് ബൈഡൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രസിഡന്‍റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കണമെന്ന അമേരിക്കയിലെ പരമ്പരാഗത ശൈലി 2020 ൽ പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് തെറ്റിച്ചിരുന്നു. നിയുക്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ കാരണമായിരുന്നു. വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുകയും ഒടുവിൽ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിന് വരെ കാരണമായിരുന്നു ട്രംപ് അധികാര കൈമാറ്റത്തിന് മടികാട്ടിയത്. എന്നാൽ ട്രംപ് ചെയ്തതുപോലെ ഇക്കുറി താൻ ചെയ്യില്ലെന്ന് ബൈഡൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.

അർജന്‍റീനിയൻ പ്രസിഡന്‍റ് ജാവിയർ മിലി

അർജന്‍റീനയുടെ പ്രസിഡന്‍റ് ജാവിയർ മിലി ചടങ്ങിൽ പങ്കെടുക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. മിലിയുടെ വക്താവിനെ ഉദ്ധരിച്ച് സി ബി എസ് ന്യൂസടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബറിൽ. 2023 ൽ അർജന്‍റീനയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മിലിക്ക്, ട്രംപുമായി വളരെ അടുത്ത സൗഹൃദമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ജോർജിയ മെലോണി എന്തായാലും ചടങ്ങിന് എത്തുമെന്ന് ഉറപ്പാണ്. നിയുക്ത യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഇക്കഴിഞ്ഞ ഞായറാഴ്ച മെലോണി അപ്രതീക്ഷിത സന്ദർശനം നടത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

എൽ സാൽവഡോർ പ്രസിഡന്‍റ് നയിബ് ബുകെലെ

കഴിഞ്ഞ വർഷം എൽ സാൽവഡോർ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നയൂബ് ബുകെലെയുടെ സ്ഥാനാരോഹണ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു ഡോണൾഡ് ട്രംപിന്‍റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച ആദ്യ ആഗോള നേതാക്കളിൽ ഒരാളുമായിരുന്നു നയിബ് ബുകെലെ. ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്കുള്ള ക്ഷണവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് സി എൻ എൻ സ്ഥിരീകരിച്ചു.

ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ

ഹംഗേറിയൻ പ്രധാനമന്ത്രിക്ക് ട്രംപിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തേക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 

യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്കി

രണ്ടാം വരവിലെ സ്ഥാനാരോഹണത്തിൽ യുക്രൈൻ പ്രസിഡന്‍റിനെ ട്രംപ് ആദ്യം തന്നെ ക്ഷണിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ സെലൻസ്കിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഇവർക്ക് പുറമേ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മറിനും ഭാര്യയ്ക്കും ഇതിനകം ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെയും ക്ഷണം ലഭിച്ചിട്ടില്ലെന്ന സൂചനകളും റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഉറ്റ സുഹൃത്തായ മോദിയെ ട്രംപ്, വരും ദിവസങ്ങളിൽ ക്ഷണിക്കാനുള്ള സാധ്യതയും റിപ്പോർട്ടുകൾ തള്ളിക്കളയുന്നില്ല. രാഷ്ട്രനേതാക്കള്‍ക്ക് പുറമെ നിരവധി വ്യവസായ പ്രമുഖരും പ്രശസ്തരും ചടങ്ങില്‍ ഉണ്ടാകുമെന്നുറപ്പാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം