യുഎഇ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങുന്നത് ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപം ഉറപ്പാക്കിയ ശേഷം. സൗദിക്കും ഖത്തറിനും പുറമെ യുഎഇയും വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയിൽ പത്ത് വർഷത്തിനുള്ളിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനാണ് യുഎഇ തീരുമാനം. മിഡിൽ ഈസ്റ്റ് സന്ദർശനത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനമാണിത്.
ഖത്തർ 1.2 ട്രില്യൺ ഡോളറും സൗദി 600 ബില്യൺ ഡോളർ നിക്ഷേപവും ഭാവിയിൽ 1 ട്രില്യൺ ഡോളർ സാമ്പത്തിക സഹകരണവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡോണൾഡ് ട്രംപിന് യു എ ഇ ഓർഡർ ഓഫ് സായിദ് ബഹുമതി സമ്മാനിച്ചു. ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കുമോയെന്നതാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ഡീലിന് തൊട്ടടുത്താണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്നാണ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്ന് ട്രംപ് പറഞ്ഞു. കരാർ അനുസരിച്ച് അമേരിക്കയിൽ നിന്ന് ഖത്തർ 160 ബോയിങ് വിമാനങ്ങൾ വാങ്ങും. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു. ഖത്തർ അമീറുമായി ഉള്ള കൂടിക്കാഴ്ചയിൽ ‘ഇറാൻ ഡീൽ’ നടപ്പാകും എന്നും ട്രംപ് സൂചിപ്പിച്ചു. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലായിരുന്നു ഇത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സി ഇ ഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്. 200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ബോയിങിന്റെ ഏത് തരം വിമാനങ്ങളായിരിക്കും ഖത്തർ എയർവേയ്സ് വാങ്ങുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ബോയിങും ഖത്തർ എയർവേയ്സും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


