ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന 

ന്യൂയോർക്ക്: ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സി ഇ ഒ ടിം കുക്കിനോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ സംബന്ധിച്ച അവകാശവാദങ്ങൾക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചർച്ചയായി.

വിശദ വിവരങ്ങൾ ഇങ്ങനെ

ഇന്ത്യയിലെ ഉയർന്ന താരിഫാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രശ്നം. ഇത്ര ജനസംഖ്യുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളും. ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന് ലോക്കിടുന്ന ട്രംപിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ താരിഫ് ചർച്ചകളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നാമമാത്രമായതോ ഒട്ടും താരിഫില്ലാതെയോ ഉള്ള ഡീൽ ഓഫർ ചെയ്യപ്പെട്ടിരുന്നതായാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യാപാരം വാഗ്ദാനം ചെയ്താണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന വാദവും ട്രംപ് ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാന വ്യവസായിയായ മുകേഷ് അംബാനി ഖത്തറിൽ അമേരിക്കൻ പ്രസിഡന്റിനെ കണ്ടത്. ലുസൈൽ പാലസിൽ വെച്ച് അത്തായ വിരുന്നിലായിരുന്നു കൂടിക്കാഴ്ച്ച. ആരുടെ താൽപര്യങ്ങൾക്കൊപ്പമാണ് ഈ കൂടിക്കാഴ്ച്ച എന്നതാണ് എക്സ് പ്ലാറ്റ്ഫോമിലെ ചോദ്യങ്ങളും ചർച്ചകളും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്ന് ട്രംപ് പറഞ്ഞു. കരാർ അനുസരിച്ച് അമേരിക്കയിൽ നിന്ന് ഖത്തർ 160 ബോയിങ് വിമാനങ്ങൾ വാങ്ങും. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു. ഖത്തർ അമീറുമായി ഉള്ള കൂടിക്കാഴ്ചയിൽ ‘ഇറാൻ ഡീൽ’ നടപ്പാകും എന്നും ട്രംപ് സൂചിപ്പിച്ചു. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലായിരുന്നു ഇത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സി ഇ ഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്. 200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ബോയിങിന്റെ ഏത് തരം വിമാനങ്ങളായിരിക്കും ഖത്തർ എയർവേയ്സ് വാങ്ങുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ബോയിങും ഖത്തർ എയർവേയ്സും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.