വാഷിംഗ്ടൺ: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അക്കൗണ്ട് നിരോധിച്ച് സമൂഹമാധ്യമമായ ട്വിറ്റർ. വെരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്ന് ട്വിറ്റർ അറിയിക്കുകയായിരുന്നു. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം, ജനുവരി 20-ന് നടക്കുന്ന നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റ് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ''ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാൻ പോകില്ല'', എന്നായിരുന്നു ട്രംപിന്‍റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെ ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ നിരോധിക്കുകയും ചെയ്തു. 

സുഗമമായ അധികാരക്കൈമാറ്റം നടത്തുന്ന പ്രശ്നമില്ലെന്ന് ട്രംപ് വീണ്ടും പ്രഖ്യാപിക്കുമ്പോൾ, അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത നാണക്കേടിലേക്കാണ് അമേരിക്കൻ ജനാധിപത്യം തലകുത്തി വീണിരിക്കുന്നതെന്ന് വ്യക്തം. വൈറ്റ് ഹൗസിൽ നിലവിലെ പ്രസിഡന്‍റ് ചുമതലകൾ പിൻഗാമിയെ ഏൽപിച്ച് അധികാരക്കൈമാറ്റം നടത്തുന്നത് പോലും അമേരിക്കൻ ജനാധിപത്യചരിത്രത്തിൽ രേഖപ്പെടുത്തുന്ന കാര്യമാണ്. 1869 മുതൽ ഒരു പ്രസിഡന്‍റ് പോലും ഇത്തരത്തിൽ അധികാരക്കൈമാറ്റം നടത്താതെ പോയിട്ടില്ല, സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിന്നിട്ടുമില്ല. 

ഇംപീച്ച് ചെയ്ത് പുറത്താക്കപ്പെടുമോ ട്രംപ്?

അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് ഒറ്റപ്പെടുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ട്രംപിനെ എങ്ങനെയെങ്കിലും മാറ്റിനിർത്തണമെന്ന മുറവിളികൾ ഉയർന്നുകഴിഞ്ഞു. ഡെമോക്രാറ്റുകൾ അടക്കമുള്ള ജനപ്രതിനിധികളാകട്ടെ, ഇനിയൊരു നിമിഷം ട്രംപിനെ വൈറ്റ് ഹൗസിൽ ഇരുത്തരുതെന്നും, ഇംപീച്ച് ചെയ്ത് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനിരിക്കുകയാണ്. 

അടുത്ത ആഴ്ച തന്നെ ആ പ്രമേയം യുഎസ് ജനപ്രതിനിധിസഭയുടെ മുന്നിൽ വരും. 2019-ൽ ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയവുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയിരുന്നെങ്കിലും അന്നത് പരാജയപ്പെട്ടു. എന്നാലിത്തവണ, ഇംപീച്ച്മെന്‍റ് കടന്നുകിട്ടുമോ ട്രംപ് എന്നത് കാത്തിരുന്ന് കാണണം. റിപ്പബ്ലിക്കൻ സെനറ്റർമാർ ഇതിനെ പിന്തുണയ്ക്കുമോ എന്നതാണ് ചോദ്യം. പ്രത്യേകിച്ച് പാർട്ടിക്കകത്ത് തന്നെ ട്രംപ് വിരുദ്ധവികാരം ശക്തമായ സാഹചര്യത്തിൽ. അധികാരക്കൈമാറ്റം നടത്തേണ്ട കാലയളവിൽ ഇംപീച്ച് ചെയ്ത് പുറത്താക്കപ്പെടുന്ന ആദ്യപ്രസിഡന്‍റാകുമോ ട്രംപ് എന്നതും ലോകം ഉറ്റുനോക്കുകയാണ്.

അതേസമയം, ഭരിക്കാനുള്ള കഴിവില്ലെന്ന് കണ്ടാൽ ക്യാബിനറ്റ് അംഗങ്ങൾക്ക് നിലവിലെ പ്രസിഡന്‍റിനെ പുറത്താക്കാൻ അധികാരം നൽകുന്ന 25-ാം ഭേദഗതിച്ചട്ടം അനുസരിച്ച്, ട്രംപിനെ ക്യാബിനറ്റ് പുറത്താക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഒരു ഇംപീച്ച്മെന്‍റിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് പുറത്തുപോകുന്ന നാണക്കേട് ഒഴിവാക്കാൻ ക്യാബിനറ്റ് തന്നെ ട്രംപിനെ പുറത്താക്കണമെന്ന മുറവിളി പാർട്ടിയിൽ ഉയരുന്നുണ്ട്. ശതകോടീശ്വരനായ ട്രംപിന് പാർട്ടിയിൽ ഇനി സുഹൃത്തുക്കൾ ബാക്കിയില്ലെന്ന് വ്യക്തം. കൂടെയുള്ളവർ തന്നെ കൈവിട്ട സ്ഥിതിയാണ്. 

റിപ്പബ്ലിക്കൻ സെനറ്റർമാർ തന്നെ, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനെ കാര്യങ്ങൾ ഏൽപിച്ച് മാറിനിന്നില്ലെങ്കിൽ ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയത്തെ അനുകൂലിക്കാൻ ആലോചിക്കുന്നുവെന്നാണ് സൂചന. ''എത്ര കുറവ് പ്രസിഡന്‍റ് അടുത്ത 12 ദിവസം പണിയെടുക്കുന്നോ, അതത്രയും ഞങ്ങൾക്ക് നല്ലതാണ്'', എന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ ബെൻ സാസെ എൻപിആർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

ബുധനാഴ്ച ജോ ബൈഡനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യുഎസ് കോൺഗ്രസിന്‍റെ സമ്മേളനത്തിനിടെ, പുറത്ത് റാലി നടത്തി ജനക്കൂട്ടത്തോട് അക്രമത്തിന് ആഹ്വാനം നൽകിയ ട്രംപ് പിന്നീട് ഏറെ വൈകിയാണ്, അക്രമം അവസാനിപ്പിക്കണമെന്നൊരു ട്വീറ്റ് എഴുതിയത് പോലും. അപ്പോഴേക്ക് അമേരിക്കയുടെ ജനാധിപത്യത്തിന്‍റെ നെടുംതൂണായ പാർലമെന്‍റ് മന്ദിരം ക്യാപിറ്റോൾ ഹിൽസിലേക്ക് ട്രംപ് അനുയായികൾ ഇടിച്ചുകയറി അഴിഞ്ഞാടിയിരുന്നു. അഞ്ച് പേരാണ് അന്നത്തെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇവരിൽ ഒരു സ്ത്രീയും ക്യാപിറ്റോളിന്‍റെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനും ഉൾപ്പെടുന്നു. ദുഃഖസൂചകമായി ക്യാപിറ്റോളിൽ ഇന്നലെ പതാക പകുതി താഴ്ത്തിയാണ് സഹപ്രവർത്തകർ ഈ ഉദ്യോഗസ്ഥന് ആദരമർപ്പിച്ചത്.

പ്രതിഷേധിച്ച് സെക്രട്ടറിമാ

ട്രംപിന്‍റെ ഭരണകൂടത്തിലെ ക്യാബിനറ്റ് അംഗങ്ങൾ തന്നെ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യം ഗതാഗത സെക്രട്ടറി എലൈൻ ഷാവോയാണ് രാജി പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടത്തിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച ക്യാബിനറ്റ് അംഗം കൂടിയാണ് ഷാവോ. ഒഴിവാക്കാവുന്ന ഈ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് രാജി വയ്ക്കുന്നുവെന്ന് ഷാവോ പറഞ്ഞു.

പിന്നാലെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‍സി ദെവൂസും രാജി വച്ചു. രാജ്യത്തിന്‍റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണ് ട്രംപിന്‍റെ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദെവൂസിന്‍റെ രാജി. ഇതിന് പിന്നാലെ താഴേത്തട്ടിലെ ഒരു സംഘം ഉദ്യോഗസ്ഥരും രാജിവച്ച് പോയി. 

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്നവർ ഇടപെട്ട് രാജി തുടരരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് സൂചന. അധികാരക്കൈമാറ്റവും ചുമതലകൾ കൈമാറുന്നതും സുഗമമാകില്ലെന്ന് വ്യക്തമായതോടെയാണ്, രാജി തുടരരുതെന്നും, സമാധാനം പാലിക്കണമെന്നും മുതിർന്നവർ ഇടപെട്ട് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടത്. 

ഇതുവരെ ട്രംപിനെ പിന്തുണച്ച മാധ്യമങ്ങൾ പോലും കൈവിടുന്ന അവസ്ഥയാണ്. റുപർട്ട് മർഡോക്കിന്‍റെ വാൾ സ്ട്രീറ്റ് ജേണൽ ട്രംപിനോട് എത്രയും പെട്ടെന്ന് അക്രമത്തിന്‍റെ ഉത്തരവാദിത്തം വ്യക്തിപരമായി ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് എഡിറ്റോറിയലെഴുതി. 

കനത്ത സുരക്ഷയിൽ സത്യപ്രതിജ്ഞ

ക്യാപിറ്റോൾ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജോ ബൈഡന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങുകൾ കനത്ത സുരക്ഷയിലായിരിക്കുമെന്ന് ഉറപ്പായി. പതിവ് ആഘോഷപരിപാടികൾ ഇത്തവണ അധികാരമേറ്റെടുക്കൽ ചടങ്ങുകൾക്കിടെ ഉണ്ടാകില്ല. കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തിൽ ഏറ്റവും കുറവ് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാകും ചടങ്ങുകൾ. മൊത്തത്തിൽ നിറം മങ്ങിയ ചടങ്ങാകും നടക്കുകയെന്നത് ഉറപ്പായി. 

അതേസമയം, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് ജോ ബൈഡൻ ബുദ്ധിപൂ‍ർവം വിട്ടുനിൽക്കുകയാണ്. വിഘടിച്ചുനിൽക്കുന്ന രാജ്യത്തെ കൂടുതൽ വേ‍ർതിരിക്കുകയാകും ഈ ആവശ്യമെന്ന് ബൈഡൻ തിരിച്ചറിയുന്നുണ്ട്. വൻതൊഴിൽ നഷ്ടം പരിഹരിക്കുന്നതടക്കം വലിയ പ്രതിസന്ധികളും വെല്ലുവിളികളുമാണ് സ്ഥാനമേറ്റെടുത്താൽ ബൈഡനെ കാത്തിരിക്കുന്നത്.