ന്യൂയോര്‍ക്ക്: അമേരിക്കൻ ജൂത സമൂഹത്തിലെ ഭൂരിപക്ഷവും തന്നെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതോടെ അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ് അടുത്തിടെ വിഷമവൃത്തത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജൂത മതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ വെയ്ന്‍ അലെയ്ന്‍ റൂട്ടിന്‍റെ വാക്കുകള്‍ കടം കൊണ്ട് സ്വയം പുകഴ്ത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ്.

കുപ്രസിദ്ധിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളിലൂടെ പ്രസിദ്ധി കെെവരിച്ച വ്യക്തിയാണ് വെയ്ന്‍ അലെയ്ന്‍ റൂട്ട്. സ്നേഹമുള്ള വാക്കുകള്‍ക്ക് റൂട്ടിനോട് നന്ദി പറഞ്ഞാണ് ട്രംപിന്‍റെ ട്വീറ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് റൂട്ടിന്‍റെ വാക്കുകളും പങ്കുവെയ്ക്കുന്നു.

അതിങ്ങനെ: ലോക ചരിത്രത്തില്‍ ജൂതര്‍ക്കും ഇസ്രായേലിലും ഏറ്റവും മഹാനമായ പ്രസിഡന്‍റാണ് ട്രംപ്. അമേരിക്കയ്ക്ക് മാത്രമല്ല, ഇസ്രായേലിനും മികച്ച പ്രസിഡന്‍റ് തന്നെയാണ് ട്രംപ്. ഇസ്രായേലിലെ ജൂതര്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഇസ്രായേലിന്‍റെ രാജാവായാണ് അദ്ദേഹത്തെ അവര്‍ കാണുന്നത്. ക്രിസ്തുവിന്‍റെ രണ്ടാം വരവായി കണ്ടാണ് അദ്ദേഹത്തെ അവര്‍ സ്നേഹിക്കുന്നത്.

എന്നാല്‍, അമേരിക്കയിലെ ജൂതര്‍ക്ക് അദ്ദേഹത്തെ ഇഷ്ടവുമല്ല, കൂടുതല്‍ അറിയുകയുമില്ല. എന്താണ് ചെയ്യുന്നതെന്നോ പറയുന്നതെന്നോ പോലും അവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ട്രംപ് ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ജൂതര്‍ക്കും, കറുത്ത വര്‍ഗക്കാര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും നല്ലതാണ്. അമേരിക്കയില്‍ ജോലി ആവശ്യമുള്ള എല്ലാവര്‍ക്കും അദ്ദേഹം നല്ലതാണ്. വെയ്ന്‍ അലെയ്ന്‍ റൂട്ട് പറഞ്ഞ ഈ വാക്കുകളാണ് ട്രംപ് തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചത്.