നൊബേൽ കമ്മിറ്റിക്കെതിരായ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. നവി പിള്ളയെ ആദരിച്ചതിലൂടെ നൊബേൽ കമ്മിറ്റി പുരസ്കാരത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്ന അമേരിക്കൻ അഭിഭാഷകൻ ഡേവിഡ് ഷോണിൻ്റെ കുറിപ്പാണ് ട്രംപ് പങ്കുവെച്ചത്.

വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ നൊബേൽ കമ്മിറ്റിക്കെതിരായ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. നവി പിള്ളയെ ആദരിച്ചതിലൂടെ നൊബേൽ കമ്മിറ്റി പുരസ്കാരത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും സ്വയം നാണംകെട്ടുവെന്നുമുള്ള അമേരിക്കൻ അഭിഭാഷകൻ ഡേവിഡ് ഷോണിൻ്റെ കുറിപ്പാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്.

ട്രംപ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ: "നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയതിലൂടെ നൊബേൽ കമ്മിറ്റി ഇന്ന് തങ്ങളെത്തന്നെ പരിഹരിക്കാനാകാത്തവിധം നാണംകെടുത്തുകയും ഒരുകാലത്ത് മഹത്തരമായിരുന്ന നൊബേൽ സമാധാന പുരസ്കാരത്തിന്റെ അന്തസ്സ് കെടുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും പരസ്യമായി വെറുക്കുന്ന ഒരാളാണ് പിള്ള. തന്റെ ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് അവർ ഭീകരവാദികളെ ആഘോഷിക്കുകയും ഹമാസിന് പ്രതിഫലം നൽകുകയുമാണ് ചെയ്തത്. ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തുകയും നിയമനടപടികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു വ്യാജ അന്വേഷണം അവർ നടത്തി. സാധാരണ ഒരു മേഖലയിലും അവർക്ക് യാതൊരു വിശ്വാസ്യതയുമില്ല, സമാധാനം വളർത്താൻ അവർ ഒരിക്കലും ഒന്നും ചെയ്തിട്ടുമില്ല. അതിന്റെ നേരെ വിപരീതമാണ് ചെയ്തത്. എന്നാൽ ഒരുകാലത്ത് ഏറെ കൊതിച്ചിരുന്ന സമാധാന പുരസ്കാരം മുൻപ് യാസർ അറഫാത്തിന് നൽകിയ ഒരു കമ്മിറ്റിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?

ലോകം അസാധ്യമെന്ന് പറഞ്ഞ അബ്രഹാം ഉടമ്പടികൾ പ്രസിഡന്റ് ട്രംപ് നമുക്ക് നൽകി, ഇപ്പോൾ അദ്ദേഹം അവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്! എല്ലാം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലും അദ്ദേഹം ബന്ദികളെ നാട്ടിലെത്തിച്ചു! റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഭീകരവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറായ ഇറാനെ തടയാനും അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. കൂടാതെ ഭീകരവാദികൾ അത് നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹം ഗാസയെ പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ്. ഈ പട്ടിക ഇങ്ങനെ നീളുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊണ്ട് അംഗീകരിക്കാനും പ്രതിഫലം നൽകാനും ഉദ്ദേശിച്ചിരുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളെയായിരുന്നു!!!"

മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് 85കാരിയായ നവി പിള്ളയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തിയത്. തനിക്ക് നൊബേൽ സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ അതൊരു തമാശയാണെന്നാണ് ആദ്യം കരുതിയതെന്ന് നവി പിള്ള പ്രതികരിച്ചു. ജർമ്മനിയിലെ ന്യൂറെംബർഗിൽ വെച്ച് സഹപ്രവർത്തകർ തനിക്ക് നൽകിയ സ്വീകരണത്തിനിടെ ട്രംപിന്റെ വിമർശനങ്ങൾക്ക് അവർ തമാശ രൂപേണ മറുപടി നൽകുകയും ചെയ്തു. നിങ്ങൾ ഇനിയും കുറച്ചുകൂടി ഉച്ചത്തിൽ കൈയടിക്കുകയാണെങ്കിൽ ഞാൻ ചിലപ്പോൾ ഈ പുരസ്കാരം ഡൊണാൾഡ് ട്രംപുമായി പങ്കുവെച്ചേക്കാം എന്ന് നവി പിള്ള സദസ്സിനോട് പരിഹാസപൂർവം പറഞ്ഞു. മുൻപ് പുരസ്കാരം നേടിയ ചിലർ തങ്ങളുടെ മെഡലുകൾ ട്രംപിന് കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച പശ്ചാത്തലം കൂടി ഓർമ്മിപ്പിച്ചായിരുന്നു നവി പിള്ളയുടെ ഈ പ്രതികരണം. രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കാണ് താൻ ഈ പുരസ്കാരം സമർപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.