ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയാൽ എണ്ണ ശൃംഖല തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും പ്രതികരിച്ചു.
വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇനിയും തടസ്സപ്പെട്ടാൽ എണ്ണ ശൃംഖല പൂർണ്ണമായും തകർക്കുമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. മാനുഷിക പരിഗണന മുൻനിർത്തി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ ട്രംപ് വ്യക്തമാക്കി.
ഖാർഗ് ഐലൻഡിലെ ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ച സാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ യുഎസ് നാവികസേന നേരിട്ട് ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ചു.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ ആക്രമണങ്ങളെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ഏറുകയാണ്.


