ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ആക്രമണം തുടർന്നാൽ മേഖലയിൽ ആണവ വികിരണമുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.

വാഷിങ്ടൺ: ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമെന്ന് വീണ്ടും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പിന്‍റെ ഭീഷണി. ടെഹ്‌റാനിൽ നടത്തിയ യുഎസ് സൈന്യം ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. അതേസമയം ഇറാന്റെ ആണവ വികിരണ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മേഖല ആകെ ദുരന്ത ഭൂമി ആകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ജിസിസി രാജ്യങ്ങളെ മുഴുവൻ വികരണം ബാധിക്കും എന്നാണ് അറിയിപ്പ്.

സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. നിരവധി തവണ സ്ഫോടനങ്ങൾ നടക്കുന്നത് വീഡിയോയിൽ കാണാം.

എന്നാൽ ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. നേരത്തെ സമാധാന കരാറിന് ഇറാൻ വവങ്ങണമെന്നും, 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നും ട്രംപ് അന്ത്യശാസനം നൽകിയരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍റെ ഉന്നത സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടത്.