ഇസ്ഫഹാൻ മേഖലയിൽ യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇതിനുമുൻപ് എഫ്-15ഇ, എ-10 എന്നീ അമേരിക്കൻ വിമാനങ്ങളും തകർത്തതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ സംഭവങ്ങൾ നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ടെഹ്‌റാൻ : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് ഐആ‍ർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വെടിവെച്ചിടുന്നത്. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാൻ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്ത് വന്നിരുന്നു. ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന്, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്ന് സ്പീക്കർ പരിഹസിച്ചു,

F-15E ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ എ-10 വിമാനം വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇറാനെ അമേരിക്കൻ സൈന്യം പൂർണ്ണമായും നശിപ്പിച്ചുവെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞതിന് 48 മണിക്കൂർ തികയും മുമ്പാണ് യുഎസിന്‍റെ രണ്ട് വിമാനങ്ങൾ ഇറാൻ തകർത്തത്. അതേസമയം അമേരിക്കൻ സൈനിക വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സംഭവം ചർച്ചകളെ തടസ്സപ്പെടുത്തുമെന്ന വാദം ട്രംപ് തള്ളി.