അമേരിക്ക: കൊറോണ വൈറസ് ബാധയെ തുടർന്ന് സാധാരണക്കാർ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിൽ ഡൊണാൾഡ് ട്രംപ് ഒപ്പു വച്ചു. രണ്ട് ട്രില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജിലാണ് ട്രംപ് ഒപ്പു വച്ചത്. രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷമാണ് ജനപ്രതിനിധി സഭ ബില്ല് പാസ്സാക്കിയത്. രാജ്യത്തെ കുടുംബങ്ങൾ, തൊഴിലാളികൾ, ബിസിനസുകാർ തുടങ്ങിയവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഈ ബില്ല് പരിഹാരമാകുമന്ന് ഒപ്പിട്ടതിന് ശേഷം ട്രംപ് വിശദീകരിച്ചു. 33 ലക്ഷം ആളുകളാണ് തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കൊവിഡ് 19 പടർന്നു പിടക്കുന്ന സാഹചര്യത്തിൽ പല ന​ഗരങ്ങളും ലോക്ക് ഡൗൺ അവസ്ഥയിലാണെന്നും ഇവിടങ്ങളിലേക്ക് സാമ്പത്തിക സഹായം നൽകണമെന്നും ട്രംപിന് മേൽ സമ്മർദ്ദമുയർന്നിരുന്നു. പാക്കേജിൽ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ഡെമോക്രാറ്റിക് പാർട്ടികളോടും ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ട്രംപ് നന്ദി അറിയിച്ചു. 'അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുപാര്‍ട്ടികളും അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് നന്ദി അറിയിക്കുന്നു' ട്രംപ് പറഞ്ഞു.

ലോകത്ത് നിലിവില്‍ കൊറോണവൈറസ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം ഒരു ലക്ഷംപിന്നിട്ടു. നേരിട്ടായിരിക്കും ആളുകള്‍ക്ക് പണം നല്‍കുക. തൊഴിലില്ലാ സഹായവും നീട്ടാന്‍ തീരുമാനിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് 367 ബില്ല്യണ്‍ ഡോളറിന്റെ സഹായം നല്‍കും. വന്‍ വ്യവസായങ്ങള്‍ക്ക് വായ്പ ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ആശുപത്രികള്‍ക്കും മതിയായ സഹായം നല്‍കും. സെനറ്റില്‍ ഏറെ നേരത്തെ ചര്‍ച്ചക്ക് ശേഷമാണ് രണ്ട് ട്രില്ല്യണ്‍ എന്ന തുകയിലെത്തിയത്. 1930ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക ആരോഗ്യ രംഗം ഇത്ര വലിയ ആഘാതം നേരിട്ടിട്ടില്ലെന്ന് സെനറ്റ് നേതാവ് മിച്ച് മക്‌ഗൊനല്‍ പറഞ്ഞു.