വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സംഘത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള പതിവ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞു. ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. ചൈനയില്‍ പോകണം. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ല-ട്രംപ് പറഞ്ഞു. 

കഴിഞ്ഞ ദിവസവും ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളി. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. 

അതേസമയം, അമേരിക്കയില്‍ കൊവിഡ് 19 മരണം വര്‍ധിക്കുകയാണ്. മരണസംഖ്യ 40000 പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 40, 683 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 7.5 ലക്ഷം പിന്നിട്ടു. ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണ് അമേരിക്ക നേരിടുന്നത്. അമേരിക്ക, ചൈന, ഡോണള്‍ഡ് ട്രംപ്, വുഹാന്‍, കൊവിഡ് 19, കൊറോണവൈറസ്