വാഷിംഗ്ടണ്‍: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

മാന്ത്രിക വാക്‌സിനോ തെറപ്പിയോ ഇല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്ന് കൊവിഡ് 19 റെസ്‌പോണ്‍സ് കോഓഡിനേഷന്‍ തലവന്‍ ഡിബോറബെര്‍ക്‌സ് പറഞ്ഞു.  ഒന്നുമുതല്‍ 2.40 ലക്ഷം വരെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.  

കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം ചൈനയിലെ മരണസംഖ്യ മറികടന്നിരുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 3867 പേര്‍ മരിച്ചു. 1.87 ലക്ഷം പേര്‍ക്ക് രോഗബാധയേറ്റു.