വാഷിംഗ്ടണ്‍: ആദ്യമായി മാസ്‌ക് ധരിച്ച് പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചിരുന്ന ട്രംപ് നയം മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച സൈനിക ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപ് മാസ്‌ക് ധരിച്ചത്. ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് മാസ്‌ക് ധരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

പ്രസിഡന്‍ഷ്യല്‍ സീലുള്ള കറുത്ത മാസ്‌ക് ധരിച്ചാണ് ട്രംപ് ആശുപത്രിയിലെത്തിയത്. പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാനാണ് അദ്ദേഹം വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ എത്തിയത്. 

'' ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല, എന്നാല്‍ അതിന് സമയവും സന്ദര്‍ഭവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. '' വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടും മുമ്പ് ട്രംപ് പറഞ്ഞു. അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കും. ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി താന്‍ കണക്കാക്കുന്നുവെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് കൂട്ടാക്കിയിരുന്നില്ല.