പ്രസിഡന്റ് കസിം ജോമാര്‍ട്ട് ടോകായേവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കസാഖിസ്ഥാനിലേക്ക് റഷ്യ സമാധാന സേനയെ അയച്ചു. എല്‍പിജി ഇന്ധനത്തിന് വലിയ രീതിയില്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച കസാഖിസ്ഥാനില്‍ പ്രക്ഷോഭം ആരംഭിച്ചത്.
ഇന്ധനവിലവര്‍ധനവിനെത്തുടര്‍ന്ന് കസാഖിസ്ഥാനിലുണ്ടായ (Kazakhstan) പ്രതിഷേധം (Protest) തുടരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12ലേറെ പൊലീസുകാര്‍ (Police Dead) കൊല്ലപ്പെട്ടു. ഒരു പൊലീസുദ്യോഗസ്ഥന്റെ തലയറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. 12ലേറെ പ്രക്ഷോഭകരും ഇതുവരെ കൊല്ലപ്പെട്ടു. 350ലേറെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദശകത്തിനുള്ളില്‍ ഏറ്റവും രൂക്ഷമായ പ്രക്ഷോഭത്തിനാണ് കസാഖിസ്ഥാന്‍ സാക്ഷ്യം വഹിക്കുന്നത്. പ്രസിഡന്റ് കസിം ജോമാര്‍ട്ട് ടോകായേവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കസാഖിസ്ഥാനിലേക്ക് റഷ്യ സമാധാന സേനയെ അയച്ചു.
എല്‍പിജി ഇന്ധനത്തിന് വലിയ രീതിയില്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച കസാഖിസ്ഥാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് തുടങ്ങിയ പ്രക്ഷോഭം ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലേക്കും തലസ്ഥാനമായ നൂര്‍-സുല്‍ത്താനിലേക്കും വ്യാപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭം കനത്തതോടെ സര്‍ക്കാര്‍ രാജിവെച്ചെങ്കിലും സമരക്കാര്‍ അയഞ്ഞിട്ടില്ല. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജി ഇന്ധനത്തില്‍ അപ്രതീക്ഷിതമായി ഇരട്ടിയിലധികം വില വര്‍ധിപ്പിച്ചതാണ് പ്രക്ഷോഭത്തിന് കാരണം.
ഇന്ധന വിലയില്‍ സര്‍ക്കാറിനുണ്ടായ നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് വില വര്‍ധിച്ചത്. വില നിയന്ത്രണം സര്‍ക്കാറിന് കീഴില്‍ കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധം തുടരുകയാണ്.
