ഇല്ലിനോയിസ്: മുൻ ഗർഭഛിദ്ര ഡോക്ടറുടെ വീട്, അദ്ദേഹത്തിന്റെ മരണശേഷം വൃത്തിയാക്കിയപ്പോൾ കിട്ടിയത് 2246 ഭ്രൂണങ്ങൾ. അമേരിക്കയിലെ ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. ഡോ ഉൾറിച് ക്ലോപ്‌ഫെറിന്റെ വീട്ടിൽ നിന്നാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്.

ഇന്ത്യാനയ്ക്കടുത്ത് സൗത്ത് ബെന്റിൽ ഇദ്ദേഹത്തിന് ക്ലിനിക്കുണ്ടായിരുന്നു. 2016 ൽ ഇദ്ദേഹത്തിന്റെ വൈദ്യപരിശോധന ലൈസൻസ് പിൻവലിച്ച ശേഷം ഇത് തുറന്നിട്ടില്ല. 13 കാരിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്തിയത് സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലാണ് അദ്ദേഹത്തിന് ലൈസൻസ് നഷ്ടമാക്കിയത്.

തിരുമ്മ് ചികിത്സയിൽ വിദഗ്ദ്ധനായ ഫിസിഷ്യൻ എന്നാണ് ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 43 വർഷമായി ഗർഭഛിദ്രം നടത്തുന്ന തനിക്ക് ഒരിക്കൽ പോലും കൈപ്പിഴ സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പറയുന്നത്.

"സ്ത്രീകളാണ് ഗർഭം ധരിക്കുന്നത്, പുരുഷനല്ല. അവരുടെ വ്യക്തിജീവിതത്തിൽ അവർക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താൽ അതിനെ നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുൻധാരണകൾ പങ്കുവയ്ക്കാനുമില്ല," ഈ കേസിലെ വാദത്തിനിടെ കോടതിയിൽ ക്ലോപ്ഫെർ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

എതായാലും പുതിയ സംഭവവികാസത്തോടെ വീണ്ടും ക്ലോപ്ഫെർ വാർത്തകളിൽ നിറയുകയാണ്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത 2246 ഭ്രൂണങ്ങളും വിശദമായ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

 

Watch More Video: ഓണം വാരാഘോഷം; വര്‍ണാഭമായ ഘോഷയാത്രയും കലാപരിപാടികളും തത്സമയം