ഒമാനിലെ സലാല തുറമുഖത്തേക്ക് ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അബുദാബിയിൽ ഇന്ന് മിസൈൽ ആക്രമണം ഉണ്ടായി. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു.

മസ്കറ്റ്: ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തുറമുഖത്ത് ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ തുറമുഖത്തിലെ ഒരു ക്രെയിനിന് പരിമിതമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അബുദാബിയിൽ ഇന്ന് മിസൈൽ ആക്രമണം ഉണ്ടായി. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തം ഉണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അതേസമയം ഇറാന്‍റെ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തി . തീപിടിത്തവും നാശനഷ്ടവും നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിലയിരുത്തി. മൂന്നു തവണയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടത്. വിമാനയാത്രക്കാർ സൗദി വഴിയാണ് ഇപ്പോൾ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ നടത്തുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്ധന ഡിപ്പോക്ക് നേരെയുണ്ടായ ആക്രമണം ഗുരുതരമായിരുന്നു. തീപിടുത്തവും നാശനഷ്ടങ്ങളും നിയന്ത്രിക്കാൻ സേനകൾ പണിപ്പെട്ടു. ഇവിടെയാണ് പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ് സന്ദർശനം നടത്തിയത്. തീപ്പിടിത്തം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. നേരത്തെ പാസഞ്ചർ ടെർമിനലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇന്ധന ടാങ്കിനുണ്ടായ കേടുപാടുകൾ പരിഹരിച്ച് സർവീസുകൾ പുനരാംരംഭിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.