ന്യൂനമർദ്ദവും അസ്ഥിര കാലാവസ്ഥയും കണക്കിലെടുത്ത് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓൺലൈന്‍ ക്ലാസുകൾ പ്രഖ്യാപിച്ചു. മാർച്ച് 24 (ചൊവ്വാഴ്ച) മുതൽ മാർച്ച് 26 (വ്യാഴാഴ്ച) വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക.

മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. മാർച്ച് 24 (ചൊവ്വാഴ്ച) മുതൽ മാർച്ച് 26 (വ്യാഴാഴ്ച) വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക.

ദോഫാർ, അൽ വുസ്ത എന്നീ രണ്ട് ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓൺലൈൻ പഠനമായിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായ ന്യൂനമർദ്ദ സാഹചര്യം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടി. ഇ- ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി പഠനം തുടരാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഒമാനിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും. ഇടിയോട് കൂടിയ മഴ വ്യാപകമായി ലഭിക്കും. ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ദൃശ്യപര്യത കുറയുകയും അപകടസാധ്യത ഉയരുകയും ചെയ്യാം. മസ്‌കറ്റ്, അൽ ദാഹിറ, അൽ ദാഖിലിയ, നോർത്ത്-സൗത്ത് അൽ ഷർഖിയ, നോർത്ത്-സൗത്ത് അൽ ബതിന, മുസന്ദം, അൽ ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാകെ കാലാവസ്ഥ അസ്ഥിരമാകുമെന്ന് വിലയിരുത്തുന്നു. ശക്തമായ മഴ മൂലം വാദികളിൽ മിന്നൽ വെള്ളപാച്ചിലിനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.