Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് പടരാതിരിക്കാൻ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കുക; നിർദ്ദേശവുമായി സ്വിസ് ആരോ​ഗ്യമന്ത്രി

പരസ്പരം ഹസ്തദാനം നൽകുന്നത് നിർത്തണമെന്നും കൈകൾ പതിവായി കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുന്നത് രോ​ഗം പടരാതിരിക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ടെന്നും സ്വിസ് ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ സാംക്രമിക രോഗ യൂണിറ്റ് മേധാവി ഡാനിയേൽ കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. 

drop everyday greeting of kissing each other to avoid spreading the coronavirus Switzerlands Health Minister
Author
Switzerland, First Published Mar 2, 2020, 8:30 PM IST

ബേൺ: കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വിസ് ജനത കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈൻ ബെർസെറ്റ്. സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്നും അതിനാൽ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അലൈൻ ബെർസെറ്റ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിൽ ആളുകൾ തമ്മിൽ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്.

പരസ്പരം ഹസ്തദാനം നൽകുന്നത് നിർത്തണമെന്നും കൈകൾ പതിവായി കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുന്നത് രോ​ഗം പടരാതിരിക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ടെന്നും സ്വിസ് ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ സാംക്രമിക രോഗ യൂണിറ്റ് മേധാവി ഡാനിയേൽ കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുന്നത് നിർത്തണമെന്ന് വെള്ളിയാഴ്ച ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ ജനങ്ങൾ‌ക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിനുപുറമേ, കൊറോണ വൈറസ് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വിസ് ആരോഗ്യ വകുപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിനെ ചെറുക്കുന്നതിനായി മാര്‍ച്ച് 15 വരെ ആയിരമോ അതിലധികമോ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡും ഫ്രാന്‍സും.  
 

Follow Us:
Download App:
  • android
  • ios