വളരെ നേരം യുവതി ഇത്തരത്തില്‍ നിലവിളിച്ചു. ജീവനക്കാരും യാത്രക്കാരും ശ്രമിച്ചിട്ടും ശാന്തയായില്ല. 

ബ്രസീലിയ: മദ്യപിച്ച് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തി യുവതി. ബ്രസീലിയന്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ബ്രസീലിലെ റെസിഫില്‍ നിന്ന് പുറപ്പെട്ട അസുല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്തിന് തീപിടിച്ചെന്നാണ് യുവതി അലറിവിളിച്ചത്. തീപിടിച്ചെന്ന് യുവതി ആവര്‍ത്തിച്ച് നിലവിളിച്ചതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തിയിലായി. യുവതി മദ്യലഹരിയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ശാന്തയാക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ക്ക് ഇവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്ത വിധം കൈകെട്ടി ഇരുത്തേണ്ടി വന്നു.

തുടര്‍ന്നും സീറ്റിലിരുന്ന് യുവതി അലറിവിളിക്കുകയായിരുന്നു, ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം വിമാനം വിറാകോപോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരിയെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം അസുല്‍ എയര്‍ലൈന്‍സ് സംഭവത്തില്‍ പ്രതികരിച്ച് പ്രസ്താവന ഇറക്കിയിരുന്നു. അച്ചടക്കമില്ലാത്ത ഒരു യാത്രക്കാരി വിമാനത്തില്‍ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്ഡ പാലിക്കുന്ന എയര്‍ലൈന്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി കൃത്യമായ ഇടവേളകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇത്തരം യാത്രക്കാരെയും സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം