കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ 'അൽ സൽമി'ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. 

ദുബായ്: ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ 'അൽ സൽമി'ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ദുബായ് പോർട്ടിലെ ആങ്കറേജ് "E" യിൽ നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ സ്റ്റാർബോർഡ് ഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നും പരിസ്ഥിതി ആഘാത ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഈ സംഭവത്തെ "നേരിട്ടുള്ളതും വിനാശകരവുമായ ഇറാൻ ആക്രമണം" എന്ന് വിശേഷിപ്പിച്ചു. ഫെബ്രുവരി 28-ന് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് നടക്കുന്നത്.