യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്‌പോർട്ട്, വിസ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതി അവസാനിപ്പിച്ചു. ദുബായിൽ മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം, അതേസമയം അബുദാബിയിൽ പരിമിതമായ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമാണ്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ട വിധവും മറ്റ് നിർദ്ദേശങ്ങളും ഇതിൽ വിശദീകരിക്കുന്നു.

ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതി അവസാനിപ്പിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി മുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ സേവന ദാതാക്കളായ 'അൽഹിന്ദ്' ഗ്രൂപ്പിന്റെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിനെ തുടർന്ന് എംബസിയിലും കോൺസുലേറ്റിലും അപേക്ഷകരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം.

അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

യാത്രക്കാർക്ക് book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അടുത്ത ദിവസത്തെ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ എല്ലാ ദിവസവും രാത്രി 8 മണിക്ക് പോർട്ടലിൽ ലഭ്യമാകും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തേക്കാണ് അപ്പോയിന്റ്മെന്റുകൾ നൽകുന്നത്.

അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അപേക്ഷകരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് ഒഴിവാക്കാൻ അപേക്ഷകനെ മാത്രമേ അകത്തേക്ക് വിടുകയുള്ളൂ. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം. പുതുതായി ജനിച്ച കുട്ടികളുടെ പാസ്‌പോർട്ട് അപേക്ഷകൾക്കും, അടിയന്തിരമായി നാട്ടിലേക്ക് പോകാൻ പാസ്‌പോർട്ടിന് പകരം നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റുകൾക്കും മുൻഗണന നൽകും.

മറ്റ് പ്രധാന കാര്യങ്ങൾ

ഓൺലൈൻ അപേക്ഷ: അപേക്ഷകർ ഫോമുകൾ പൂർണ്ണമായും പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി വേണം ഓഫീസുകളിൽ എത്താൻ. പാസ്‌പോർട്ട് ഫോമുകൾ mportal.passportindia.gov.in/mission/ എന്ന വെബ്‌സൈറ്റ് വഴി പൂരിപ്പിക്കാം.

ഫോട്ടോയും ഒപ്പും: അപേക്ഷയിൽ ഒപ്പും വിരലടയാളവും കൃത്യമായി വെള്ള പശ്ചാത്തലത്തിൽ തന്നെ അപ്‌ലോഡ് ചെയ്യണം.

ഫീസ് ക്യാഷായി മാത്രം: അപേക്ഷാ ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനാൽ കൃത്യമായ തുക കയ്യിൽ കരുതാൻ അപേക്ഷകർ ശ്രദ്ധിക്കണം. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പുതുക്കിയ ഫീസ് ഘടനയാണ് ഇതിനായി ഈടാക്കുക.

ഓഫീസ് വിലാസങ്ങൾ

അബുദാബി എംബസി പ്രവേശനം: അൽ സഫാരത് സ്ട്രീറ്റിലുള്ള മെയിൻ ഗേറ്റ് വഴി.

ദുബായ് കോൺസുലേറ്റ് പ്രവേശനം: ഗേറ്റ് നമ്പർ 1 വഴി.