ദുബായിലെ അൽ ഖബൈസി മേഖലയിലെ ഗോഡൗണിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അധികൃതർ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അധികൃതർ അറിയിച്ചു. ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രചാരണം.

ദുബായ്: ദുബായിലെ അൽ ഖബൈസി മേഖലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച രാവിലെ 06.12-നാണ് ദുബായ് ഓപ്പറേഷൻ റൂമിൽ തീപ്പിടുത്തത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ അതിവേഗം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും നിലവിലെ മറ്റു സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗൾഫ് ന്യൂസിനോട് സംസാരിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കുണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.