ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇതാദ്യമായി ഒരാള്‍ക്ക്  വിഷപ്പാമ്പിന്‍റെ കടിയേറ്റു. ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള 'പഫ് അഡര്‍' ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കി. അയര്‍ലന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്ക് ആന്‍റിജനത്തിന്‍റെ സേവനം വേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാമ്പുകടിയേറ്റെന്ന് നിരവധി വ്യാജ സന്ദേശങ്ങള്‍ നേരത്തെ എത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാള്‍ക്ക് വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കുന്നെതന്നാണ് അധികൃതര്‍ പറയുന്നത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് പഫ് അഡര്‍. 

യുവാവിനെ ഇയാളുടെ വളര്‍ത്തു പാമ്പാണ് കടിച്ചത്. പാമ്പുകളില്ലാത്ത രാജ്യമെന്നാണ് അയര്‍ലെന്‍റിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടാണ് അയര്‍ലന്‍റില്‍ പാമ്പുകളില്ലാത്തതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയത്. എന്നാല്‍ എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ സെന്റ് പാട്രിക് അയര്‍ലന്റിലെ പാമ്പുകളെയെല്ലാം സമുദ്രത്തിലേക്ക് തുരത്തി എന്നാണ് അയര്‍ലന്‍റുകാരുടെ വിശ്വാസം.