ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി റഷ്യയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനയിലും എത്തി. അതിർത്തി തർക്കം പരിഹരിക്കുക എന്നതാണ് ഡോവലിന്റെ സന്ദർശന ലക്ഷ്യമെങ്കിൽ, പ്രതിരോധ-ഊർജ്ജ സഹകരണമാണ് ജയശങ്കറിന്റെ റഷ്യൻ യാത്രയുടെ മുഖ്യ അജണ്ട

ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലും എത്തി. അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ച ഡോവൽ നാളെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നടത്തും. റഷ്യയുമായുള്ള പ്രതിരോധ ഊർജ്ജ രംഗങ്ങളിലെ സഹകരണം എസ് ജയശങ്കറിന്‍റെ കൂടിക്കാഴ്ചകളിൽ ചർച്ചാ വിഷയമാകും. അടുത്ത മാസം 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ നടക്കുന്നത്. ഇരുപതോളം രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലും എത്തിയത്.

അതിർത്തി തർക്കവും പ്രധാന ചർച്ചയാകും

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഡോവൽ നേതൃത്വം നൽകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയാണ് ചൈനീസ് സംഘത്തെ നയിക്കുക. അതിർത്തി തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ച് ധാരണയിലെത്താനായാൽ അത് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിനും സഹായകരമാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കവും എസ് ജയശങ്കർ നടത്തുന്ന കൂടിക്കാഴ്ചകളിൽ ചർച്ചയാകാനാണ് സാധ്യത. പാകിസ്താനും സൗദി അറേബ്യയും തുർക്കിയും ചേർന്ന് രൂപീകരിച്ച പ്രാദേശിക സഖ്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടും ജയശങ്കർ റഷ്യയെ അറിയിക്കാനാണ് സാധ്യത. ഷി ജിൻപിങ്ങ് ഇന്ത്യയിൽ എത്തുകയാണെങ്കിൽ ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യത്തെ സന്ദർശനമായിരിക്കും. വ്ലാദിമിർ പുടിനും ഇതേ സമയം ദില്ലിയിൽ ഉണ്ടെങ്കിൽ നരേന്ദ്ര മോദിക്കും പുട്ടിനും ഷി ജിൻപിങിനും ഇടയിലുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. യു എ ഇ പ്രസിഡന്റും ഇറാൻ പ്രസിഡന്റും ബ്രിക്സ് ഉച്ചക്കോടിക്കായി ദില്ലിയിൽ എത്തും എന്നാണ് സൂചന. ഇതിന് മുമ്പ് കിർഗിസ്താനിൽ ഈ മാസം അവസാനം നടക്കുന്ന ഷാൻഗായി സഹകരണ ഉച്ചക്കോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഈ പ്രമുഖ നേതാക്കളെല്ലാം ദില്ലിയിൽ എത്തുകയാണെങ്കിൽ ഉച്ചക്കോടിക്കിടെയുള്ള ചർച്ചകൾ നിർണായകമാകും.