ഇന്തോനേഷ്യയിലെ മോമറിയിൽ നിന്ന് 115 കിലോമീറ്റർ (71 മൈൽ) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ജക്കാർത്ത: ഇന്തൊനേഷ്യയിൽ ഭൂചലനം (Earth Quake) ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് (Tsunami alert) പുറപ്പെടുവിച്ചു. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. ഇന്തോനേഷ്യയിലെ മോമറിയിൽ നിന്ന് 115 കിലോമീറ്റർ (71 മൈൽ) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഞാൻ പാടത്തായിരുന്നു. ആളുകൾപേടിച്ചോടുന്നുണ്ട്. അപ്പോഴും ഞാൻ... പേടിച്ച് പോയി - അഡൊനാരോ ഐലന്റ് സ്വദേശിയായ നുറൈനി പറഞ്ഞു. ഭൂചലനം ഉണ്ടായ പ്രദേശത്തുനിന്ന് മരണമോ മറ്റ് കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അതൃകൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ എല്ലാവരും വീട് വിട്ട് ഓടിപ്പോയെന്ന് ഈസ്റ്റ് ഫ്ലോറസ് ജില്ലാ മേധാവി അന്റോണിയസ് ഹബർടസ് ഗെഗെ ഹാഡ്ജൻ, മെട്രോ ടിവിയോട് പറഞ്ഞു.
ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. 'ഭൂകമ്പം ഉണ്ടായപ്പോൾ ഞാൻ എന്റെ ഫോൺ പരിശോധിക്കുകയായിരുന്നു. 30 സെക്കൻഡ് നേരത്തേക്ക് എനിക്ക് അത് അനുഭവപ്പെട്ടു. അത് ശക്തമായിരുന്നു' - സുനാമി മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലൊന്നായ തെക്കുകിഴക്കൻ സുലവേസിയിലെ ബട്ടണിലെ താമസക്കാരനായ അൽവാൻ പറഞ്ഞു. ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ (11 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്‌ജിഎസ് പറഞ്ഞു.
