ഹമാസ് ട്രക്കുകള്‍ പിടിച്ചെടുത്താല്‍ ഈ സഹായം അവസാനിക്കുമെന്ന മുന്നറിയിപ്പ് ഈജിപ്ത് നല്‍കി

കെയ്റോ: ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾ 20 എണ്ണം വീതം ദിവസവും ഗാസയിലേക്ക് പോകാൻ അനുവദിക്കും. ഇക്കാര്യത്തില്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. ഈജിപ്ത് പ്രസിഡന്‍റ് സഹാനുഭൂതിയോടെ പെരുമാറിയെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഹമാസ് ട്രക്കുകള്‍ പിടിച്ചെടുത്താല്‍ ഈ സഹായം അവസാനിക്കുമെന്ന മുന്നറിയിപ്പ് ഈജിപ്ത് നല്‍കി. 

ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗാസയിലെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. ഗാസയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിക്കുകയുണ്ടായി. എല്ലാ ഭാഗത്തു നിന്നുമുള്ള അക്രമം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഗാസ മുനമ്പിൽ നിന്ന് അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹം അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രഡിസന്‍റ് വ്യക്തമാക്കി. അതിനിടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേലിൽ എത്തും.

'ഞങ്ങൾ ഹമാസിനെ സ്നേഹിക്കുന്നു, മരണം വരെ ഇവിടെത്തന്നെ, ഈ നാടുവിട്ട് എങ്ങുംപോവില്ല': റാമല്ലയിലെ പലസ്തീനികള്‍

അമേരിക്കന്‍ പ്രസഡിന്‍റ് ജോ ബൈഡന്‍ ഇന്നലെ ഇസ്രയേലില്‍ എത്തിയിരുന്നു. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്നാണ് ബൈഡൻ പറഞ്ഞത്. ഇസ്രയേല്‍ ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിച്ചു. ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്‌ഷ്യം തെറ്റി ആശുപത്രിയിൽ വീണു എന്നാണ് ഇസ്രയേലിന്റെ വാദം.

പശ്ചിമേഷ്യ സംഘർഷഭരിതമായി തുടരവേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ പറന്നെത്തുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹു നേരിട്ടെത്തി ബൈഡനെ സ്വീകരിച്ചു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്‍റിനെയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ആശുപത്രി അക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.

വർഷങ്ങളായി ഗാസയിൽ പ്രവർത്തിക്കുന്ന അൽ അഹ്‍ലി അറബ് ആശുപത്രി ആണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആശുപത്രി ആക്രമണത്തിലൂടെ ഇസ്രായേൽ ചെയ്തത് യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വിമര്‍ശിച്ചു. ആശുപത്രി ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം ആളുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ വിശ്വാസികൾക്ക് ഒരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷം ആകണമെന്ന് മാർപ്പാപ്പ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സമാധാനത്തിനായി ഒക്ടോബർ 27 പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത മാർപ്പാപ്പ ദിനാചരണത്തിൽ പങ്കുചേരാൻ ഇതര മത വിശ്വാസികളെയും ക്ഷണിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം