Asianet News MalayalamAsianet News Malayalam

സംഗീത പരിപാടിയില്‍ നിയന്ത്രണം വിട്ട് ജനക്കൂട്ടം; അമേരിക്കയില്‍ എട്ടുപേര്‍ തിരക്കില്‍പ്പെട്ട് മരിച്ചു

പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താന്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. 

Eight Dead After Stampede at Astroworld Music Fest in Houston USA
Author
Houston, First Published Nov 6, 2021, 7:47 PM IST

ഹുസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ സംഗീതനിശ കാണുവാന്‍ എത്തിയ ജനക്കൂട്ടത്തില്‍ തിരക്കില്‍പ്പെട്ട് എട്ടു മരണം (Eight Dead After Stampede). വെള്ളിയാഴ്ച അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ടെക്സസിലാണ് സംഭവം. സംഗീതമേളയായ ആസ്ട്രോ വേള്‍ഡിന്‍റെ (Astroworld Music Fest) തുടക്ക ദിവസത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത് എന്നാണ് ഹൂസ്റ്റണ്‍ (Houston USA) ഫയര്‍ ചീഫ് സാമുവല്‍ പെന്ന പറയുന്നത്. 

പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താന്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ വലിയതോതില്‍ തിക്കും തിരക്കും അനുഭവപ്പെട്ടതോടെ സ്ഥലത്ത് ഉന്തലും തള്ളലും ഉണ്ടായി. ഇതോടെ ചിലര്‍ക്ക് വീണു പരിക്കുപറ്റി, വീണവരെ ചവുട്ടിയാണ് പലരും കടന്ന് പോയത്. ചിലര്‍ ബോധം കെട്ടതോടെ സംഭവം കൈവിട്ടുപോയി. പരിപാടി നടന്നത് ഹൂസ്റ്റണിലെ എന്‍ആര്‍ജി പാര്‍ക്കിലാണ്.

എട്ടുപേര്‍ മരണപ്പെട്ടെന്നും നിരവധിപ്പേര്‍ക്ക് പരിക്കുപറ്റിയെന്നും സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. മരിച്ചവരുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ഫയര്‍ ചീഫ് വ്യക്തമാക്കിയത്. 17 പേരെ ഫയര്‍ വിഭാഗം ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ 11 പേര്‍ക്ക് ഹൃദായാഘാതം സംഭവിച്ച അവസ്ഥയിലായിരുന്നു. ഏതാണ്ട് അന്പതിനായിരം പേരാണ് വെള്ളിയാഴ്ച ആസ്ട്രോവേള്‍ഡ് സംഗീതോത്സവത്തിന്‍റെ ആദ്യ പരിപാടിക്ക് എത്തിയത്.

അമേരിക്കന്‍ റാപ്പര്‍ ട്രെവിസ് സ്കോട്ട് ആയിരുന്നു ആസ്ട്രോവേള്‍ഡിന്‍റെ ഉദ്ഘാടന പരിപാടി അവതരിപ്പിച്ചത്. സംഭവങ്ങള്‍ നടക്കുമ്പോഴും സ്കോട്ട് വേദിയില്‍ പാടുകയായിരുന്നു. പല തവണ വേദിക്ക് അരികിലേക്ക് ഇരച്ചുകയറിയ ആരാധകരെ സ്കോട്ടിന്‍റെ നിര്‍ദേശത്താല്‍ മാറ്റിയിരുന്നു. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിക്കുന്നത്. സംഭവത്തിന്‍റെ ലഭിക്കാവുന്ന എല്ലാ വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചതായി പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പരിപാടി സംഘാടകര്‍ അടിയന്തരമായി അവസാനിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആസ്ട്രോ വേള്‍ഡ് സംഗീതോത്സവവും അധികൃതര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ പ്രകാരം പരിപാടിക്ക് എത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ ഗെയിറ്റില്‍ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. 

Follow Us:
Download App:
  • android
  • ios