വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ഗാസ/ടെല്‍ അവീവ്: വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസം പ്രായമുള്ള കുട്ടി അടക്കം 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ, ഹമാസ് മധ്യ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ടെല്‍ അവീവിനടുത്തുള്ള റമത് ഗനിലെ അമ്പതു വയസ്സുകാരന്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലെ ശഅതി അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇവിടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെല്ലാം. നാലു നിലയുളള കെട്ടിടം ആക്രമണത്തില്‍ തവിടുപൊടിയായതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിലുള്ള വീട് സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടാവുമെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. 

ക്യാമ്പില്‍നിന്നും ആക്രമണമുണ്ടായെന്ന ഇസ്രായേലി ആരോപണം നുണയാണെന്ന്, വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നാലു കുട്ടികളുടെ പിതാവ് മുഹമ്മദ് ഹദീദി ബിബിസിയോട് പറഞ്ഞു. ഒരു പിഞ്ചു കുഞ്ഞ് ഒഴികെ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ക്യാമ്പില്‍ കഴിയുന്ന സഹോദരനെ കാണാന്‍ ചെന്നതായിരുന്നു തങ്ങളുടെ കുടുംബമെന്നും ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ''സുരക്ഷിതരായി വീട്ടിലിരിക്കുകയായിരുന്നു അവര്‍. ഒരായുധം പോലും അവരുടെ കൈയിലുണ്ടായിരുന്നില്ല. എന്നിട്ടാണ്, ആക്രമണമുണ്ടായെന്ന കള്ളം പ്രചരിപ്പിക്കുന്നത്''-അദ്ദേഹം പറഞ്ഞു. 

ഗാസയില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അഭയാര്‍ത്ഥി ക്യാമ്പുകളാണുള്ളത്. അതില്‍ ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ക്യാമ്പിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഗാസയിലെ മൂന്നാമത്തെ വലിയ ക്യാമ്പാണിത്. അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു എന്‍ സമിതി നടുക്കം പ്രകടിപ്പിച്ചു. 

അതിനിടെ, മധ്യ ഇസ്രായേലിലും ടെല്‍ അവീവിലും ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് 50 വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. താരതമ്യേന ശാന്തമായിരുന്ന പ്രദേശത്താണ് ആകമണം ഉണ്ടായതെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച മുതല്‍ ഇതുവരെ ഇസ്രായേലി ആക്രമണത്തില്‍ 40 കുട്ടികളും 22 സ്ത്രീകളും അടക്കം 139 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

ഹമാസിന്റെ ആക്രമണങ്ങളില്‍ 10 ഇസ്രായേലികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.