ലണ്ടന്‍: ഡിസംബര്‍ 12 ന് ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തിന് പാർലമെന്‍റ് അംഗീകാരം നൽകി. 438 പേരുടെ പിന്തുണയാണ് പാർലമെന്‍റില്‍ ജോൺസന് ലഭിച്ചത്. 1923 ന് ശേഷം ആദ്യമായാണ് ഡിസംബർ മാസത്തിൽ ബ്രിട്ടനിൽ തെരഞ്ഞടുപ്പ് നടക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ജോൺസന്‍റെ നാലാം ശ്രമമാണ് ഫലം കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് ആഴ്ചയാണ് പാർട്ടികൾക്ക് പ്രചാരണത്തിന് കിട്ടുക. 

രാജ്യത്തിന്‍റെ ഭാവിക്കും ബ്രെക്സ്റ്റിനും വേണ്ടി ജനങ്ങൾ വോട്ട് ചെയ്യണമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. ഇടക്കാല തെരഞ്ഞടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്സിറ്റിനുള്ള തടസ്സങ്ങൾ നീക്കുകയാണ് ബോറിസ് ജോൺസന്‍റെ ലക്ഷ്യം. ബ്രെക്സിറ്റിനുള്ള നടപടികൾ തുടങ്ങിവയ്ക്കാൻ ജനുവരി 31 വരെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇതിനിടയിൽ തന്‍റെ ബ്രെക്സിറ്റ് കരാറിന് അനുമതി നേടാനാണ് ജോണസന്‍റെ നീക്കം. രാജ്യത്തിന്‍റെ സമൂലമായ മാറ്റത്തിനായി തങ്ങൾ പ്രചാരണം നടത്തുമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. മുൻധാരണ പ്രകാരം നാളെയായിരുന്നു യൂറോപ്യൻ യൂണിയനിൽ തുടരാൻ കഴിയുന്ന അവസാന ദിവസം.